modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവമെന്താണ്? അതിന് ഉത്തരം നമ്മളൊക്കെ ദിവസവും കഴിക്കുന്ന ഒരു പച്ചക്കറികൊണ്ടുണ്ടാക്കുന്ന വിഭവം എന്ന് തന്നെയാണ്. സംഗതി മുരിങ്ങക്കായ ആണ്. സാമ്പാര്‍, അവിയല്‍, മീന്‍ കറി തുടങ്ങിയവയില്‍ ആണ് മലയാളികള്‍ ഇത് അധികവും ഉപയോഗിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി പക്ഷേ മറ്റൊരു വിഭവമാണ് കഴിക്കുന്നത്.

മുരിങ്ങക്കാ പറാത്തയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടഭക്ഷണം. ഒട്ടനവധി പോഷകഗുണങ്ങളുള്ള ഈ പച്ചക്കറി കൊണ്ട് ഉണ്ടാക്കുന്ന പറാത്ത എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഇതിനായി രണ്ട് മുരിങ്ങക്കായ ആണ് ആവശ്യമുള്ളത്. മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, മല്ലിപ്പൊടി, ഉപ്പ്, ജീരകം എന്നിവയും കരുതാം. ഇതിനോടൊപ്പം ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഗോതമ്പ്‌പൊടി എന്നിവയും ആവശ്യമാണ്.

രണ്ട് മുരിങ്ങക്കായ വൃത്തിയാക്കി കുക്കറില്‍ വേവിച്ചെടുക്കണം. രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് രണ്ട് വിസില്‍ കേള്‍പ്പിച്ച് വേവിക്കണം. പിന്നീട് കോല്‍ കളഞ്ഞ് പള്‍പ്പ് മാത്രം എടുക്കാം. നേരത്തെ എടുത്ത് വച്ചിരിക്കുന്ന ചേരുവകളിലേക്ക് പള്‍പ്പ് ചേര്‍ത്ത് കുഴച്ചെടുക്കണം. എന്നാല്‍ ഇതിലേക്ക് വെള്ളം ചേര്‍ക്കരുത്. ഇതിന് ശേഷം മല്ലിയിലയും എള്ളും ചേര്‍ത്ത് പരത്തി എടുത്ത ശേഷം നെയ്യ് ചേര്‍ത്ത് ചുട്ടെടുക്കാം.


വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ മുരിങ്ങക്കായില്‍, വൈറ്റമിന്‍ എ, സി, ഇ, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇതിലുള്ള ഫ്ളേവനോയിഡുകള്‍, പോളിഫെനോള്‍സ്, വൈറ്റമിന്‍ സി എന്നിവയുള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും കോശങ്ങളെ കേടുപാടുകളില്‍നിന്ന് സംരക്ഷിക്കാനും ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ഉയര്‍ന്ന വൈറ്റമിന്‍ സിയുടെ അംശം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും അണുബാധകളെയും രോഗങ്ങളെയും ചെറുക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.കൂടാതെ, ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ വര്‍ധന കുറയ്ക്കാനും ഇത് സഹായിക്കും. ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കുറച്ച്, ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.