
ഒരു വാടകവീട് കിട്ടാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചുള്ള നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധ നേടുന്നത് മറ്റൊരു കാരണത്താലാണ്. ഒരു വാടകവീടിന്റെ ഹോം ടൂർ വീഡിയോ ആണിത്. വീട് എന്ന് പറയാൻ കഴിയാത്ത വിധം നിന്നു തിരിയാൻ സ്ഥലമില്ലാത്ത ഒരു താമസസ്ഥലമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
ന്യൂയോർക്കിലെ മുറെ ഹില്ലിലുള്ള ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റിനെ കുറിച്ചുള്ള വീഡിയോ ആണിത്. വീടിന്റെ പ്രധാന വാതിൽ തുറന്നാൽ കാണാൻ കഴിയുന്നത് ലിവിംഗും അടുക്കളയും ഉൾപ്പെടുന്ന ഇടുങ്ങിയ ഒരു മുറിയാണ്. മുറിയുടെ കോണിൽ ഒരു ചെറിയ കിച്ചണും കാണാം. ഡൈനിംഗ് ടേബിൾ പോയിട്ട് കസേര പോലും ലിവിംഗ് റൂമിൽ ഇടാൻ കഴിയാത്ത അവസ്ഥയാണ്. കിടപ്പുമുറിയിലാകട്ടെ സാധാരണ സൈസിലുള്ള കിടക്കപോലും ഉൾക്കൊള്ളാൻ കഴിയില്ല. കിടപ്പുമുറിക്ക് വാതിൽ പോലും ഇല്ലെന്നതാണ് സത്യം. ലിവിംഗ് ഉൾപ്പെടുന്ന സ്ഥലത്ത് നിന്ന് ഔട്ട്‌ഡോർ സ്പേസിലേക്കുള്ള ഗ്ലാസ് ഡോറും നൽകിയിട്ടുണ്ട്.
ചെറിയ സ്റ്റുഡിയോ അപ്പാർട്ട്‌മെന്റ് ആയതു കൊണ്ട് വില വളരെ കുറവാണ് എന്ന ധാരണ വേണ്ട. പ്രതിമാസം 2650 ഡോളർ അഥവാ 2.19 ലക്ഷം രൂപയാണ് വാടകയായി ആവശ്യപ്പെടുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ പലരും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 500 ഡോളറിന് (41000 രൂപ) മുകളിൽ വാടക നൽകേണ്ടതില്ല എന്നാണ് നിരവദി പേർ കമന്റ് ചെയ്തിരിക്കുന്നത്.