currency

തിരികെ ലഭിച്ചത് നാലില്‍ ഒരു ഭാഗം മാത്രം

ആലുവ: ദേശീയപാതയില്‍ കമ്പനിപ്പടിയില്‍ കഴിഞ്ഞ ദിവസം രാവിലെ പറന്നുകളിച്ച അഞ്ഞൂറു രൂപ നോട്ടുകളുടെ ഉടമയെ കണ്ടെത്തി. പക്ഷെ നഷ്ടപ്പെട്ട പണത്തിന്റെ നാലില്‍ ഒരു ഭാഗം മാത്രമാണ് കളമശേരി പത്തടിപ്പാലം വാടക്കാത്ത് പറമ്പില്‍ അഷറഫിന് (60) തിരികെ കിട്ടിയത്.

ഇന്നലെ രാവിലെ സോഷ്യല്‍ മീഡിയിലൂടെയാണ് കമ്പനിപ്പടിയില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ പറന്നുകളിച്ച വിവരം അഷറഫ് അറിഞ്ഞത്. ഉടന്‍ കമ്പനിപ്പടിയിലെത്തി തിരക്കിയപ്പോള്‍ ഇവിടത്തെ സി.ഐ.ടി.യു അംഗമായ ചുമട്ടുതൊളിലാളി നൗഷാദിന് 6,500 രൂപ ലഭിച്ചതറിഞ്ഞു. അദ്ദേഹം ഉടന്‍ പണം കൈമാറി. സമീപത്തെ ലോട്ടറി വില്പനക്കാരന്‍ തായിക്കാട്ടുകര സ്വദേശി അലിക്ക് കിട്ടിയ 4,500 രൂപ ഇന്ന് നല്‍കാമെന്നും അറിയിച്ചു.

സംഭവം ഇങ്ങനെ: അഷറഫും സുഹൃത്ത് നെജീബും ചേര്‍ന്ന് തൃക്കാക്കര എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം ഫ്രൂട്ട്‌സ് കട നടത്തുന്നുണ്ട്. ആലുവ മാര്‍ക്കറ്റില്‍ നിന്നുമാണ് ദിവസവും ഫ്രൂട്ട്‌സ് വാങ്ങുന്നത്. വ്യാഴാഴ്ച്ച രാവിലെ സാധനങ്ങളെല്ലാം വാങ്ങി ഓട്ടോറിക്ഷയില്‍ കയറ്റി വിട്ടു. പിന്നാലെ സ്‌കൂട്ടറില്‍ അഷറഫും പോയി.

തിരികെ പോകുമ്പോള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും 40,000 രൂപയുടെ അഞ്ഞൂറിന്റെ 80 നോട്ടുകള്‍ പുറത്തേക്ക് വീഴുകയായിരുന്നു. പ്‌ളാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് പണം വച്ചിരുന്നത്. അഷറഫ് കടയിലെത്തി ഓട്ടോറിക്ഷക്കാരന് വാടക നല്‍കാന്‍ നോക്കിയപ്പോഴാണ് പണം നഷ്ടമായതറിഞ്ഞത്.