
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ജില്ലയിലെ ആശുപത്രികളില്‍ മാറാച്ചുമയുമായെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്കു വീണ്ടും അവ വരുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നുണ്ടെങ്കിലും മാറാത്ത ചുമ രക്ഷിതാക്കളെ വലയ്ക്കുന്നു.
ഇമ്യൂണിറ്റി ഡെബ്റ്റാണ് വില്ലന്‍
കൊവിഡ് കാലത്തിനു ശേഷം കുട്ടികള്‍ക്ക് പ്രതിരോധശേഷിയിലുണ്ടായ ഏറ്റക്കുറച്ചിലുകളുണ്ടായിരിട്ടുണ്ടെന്നാണ് അനുമാനം. ഇത് ഇമ്യൂണിറ്റി ഡെബ്റ്റ് എന്നാണ് അറിയപ്പെടുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ആഗോളതലത്തില്‍ രോഗം ബാധിച്ചിട്ടുണ്ട്.
സ്‌കൂളുകള്‍ അടഞ്ഞുകിടന്ന സമയത്ത് കുട്ടികള്‍ക്കു മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാത്തതിനാല്‍ പൊതുവേ അസുഖം കുറവായിരുന്നു. അതിനാല്‍ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധശേഷിയും കുറഞ്ഞു.
അങ്കണവാടികളും സ്‌കൂളുകളും തുറന്നപ്പോള്‍ വീണ്ടും അണുക്കളുമായി കൂടുതല്‍ സമ്പര്‍ക്കം വന്നതും പ്രതിരോധശേഷി കുട്ടികള്‍ക്ക് ഇല്ലാതെ വന്നതുമാണ് പ്രധാന കാരണം. സ്‌കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ ചുമ, ജലദോഷം എന്നിവയുടെ വ്യാപനശേഷിയും കൂടുതലാണ്. വളരെ ചെറുതായി അസുഖം വന്നാലും കൂടാനും നീണ്ടുനില്‍ക്കാനും സാദ്ധ്യതയുണ്ട്. ശ്വാസകോശ അണുബാധ ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ കുട്ടികള്‍ക്കു ന്യുമോണിയ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ലക്ഷണങ്ങള്‍
ശ്വാസംമുട്ടല്‍
തളര്‍ച്ച
ശക്തിയായ പനി
അസാധാരണ മയക്കം
കഫത്തില്‍ രക്തം
നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം
ക്രമത്തില്‍ കൂടുതല്‍ വേഗതയിലുള്ള ശ്വാസമെടുപ്പ്
ശ്വാസമെടുപ്പ് ശ്രദ്ധിക്കണം
ശ്വാസമെടുപ്പിലൂടെയും അപായ സൂചന കണ്ടെത്താം. രണ്ടു മാസത്തിനു താഴെയുള്ള കുട്ടികള്‍ക്ക് അറുപതിനു മുകളിലും രണ്ടു മാസം മുതല്‍ ഒരു വയസുവരെ 50ന് മുകളിലും ഒന്നു മുതല്‍ അഞ്ചു വയസുവരെ 40ന് മുകളിലും അഞ്ചു വയസുമുതലുള്ള കുട്ടികള്‍ 30ന് മുകളിലും ഒരു മിനുറ്റില്‍ ശ്വാസമെടുക്കുന്നതു കണ്ടാല്‍ ഡോക്ടറെ സമീപിക്കണം. കുട്ടി ഉറങ്ങുമ്പോഴോ സ്വസ്ഥമായി ഇരിക്കുമ്പോഴോ നോക്കണം.
ശ്രദ്ധിക്കാന്‍
ചുമ, തുമ്മല്‍ ഉണ്ടെങ്കില്‍ തൂവാല ഉപയോഗിക്കണം
കൈ കഴുകുന്നതു ശീലമാക്കണം
മാസ്‌ക് ഉപയോഗിക്കണം
രക്ഷിതാക്കള്‍ അറിയാന്‍
രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്
കുട്ടികള്‍ക്ക് തണുത്ത ആഹാരമോ പാനീയമോ നല്‍കരുത്
ആഹാരം അളവ് കുറച്ച് കൂടുതല്‍ തവണ നല്‍കുക
പോഷണഗുണമുള്ള ചൂടുപാനീയങ്ങള്‍ നല്‍കണം
പപ്പായ, മാങ്ങ തുടങ്ങി ലഭ്യമായ പഴങ്ങള്‍ നല്‍കണം
രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കണം.
വൈറസുകള്‍ ശക്തി പ്രാപിച്ചതും അണുബാധയും അലര്‍ജിയുമെല്ലാം ചുമയ്ക്ക് കാരണമാണ്.
ഡോ.എം. വേണുഗോപാല്‍, ശിശുരോഗ വിദഗ്ദ്ധന്‍