
ആലപ്പുഴ: വർക്കലയിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്ന് വിനോദ സഞ്ചാരികൾ അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ ആലപ്പുഴയിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് നിർമ്മാണ കരാർ നടപടികൾ മരവിപ്പിച്ച് ടൂറിസം വകുപ്പ്. മതിയായ സുരക്ഷ ഉറപ്പാക്കുകയും ബന്ധപ്പെട്ട
അതോറിട്ടികളിൽ നിന്ന് അംഗീകാരം നേടുകയും ചെയ്തശേഷം പദ്ധതി നടപ്പാക്കിയാൽ മതിയെന്നാണ് നിർദേശം. സുരക്ഷ ഉറപ്പാക്കാതെ പദ്ധതി നടപ്പാക്കരുതെന്ന് കാട്ടി എം.എൽ.എ മാരും വിനോദ സഞ്ചാര വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ഇതോടെ, സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ റിപ്പോർട്ട് ലഭിക്കും വരെ പദ്ധതി നിർത്തിവച്ചതായി ആലപ്പുഴ ജില്ലാടൂറിസം പ്രമോഷൻ കൗൺസിൽ അറിയിച്ചു.
വില്ലനായി വർക്കലയിലെ അപകടം
വർക്കലയിൽ ഫ്‌ളോട്ടിംഗ് ബ്രഡ്ജിന്റെ കൈവരികൾ തകർന്ന് 15 പേർ കടലിൽ വീണതാണ് പുനർചിന്തനത്തിന് വഴിയൊരുക്കിയത്. ആലപ്പുഴ ബീച്ചിൽ കാറ്റാടി മരങ്ങൾ കൂട്ടമായി നിൽക്കുന്ന ഭാഗത്തുനിന്ന് കടലിലേക്ക് 150 മീറ്ററോളം ദൂരത്തിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കാനായിരുന്നു പദ്ധതി. തിരമാല, കാറ്റ് എന്നിവയുടെ ഗതിയും കടലിന്റെ കിടപ്പും അനുസരിച്ചാണ് പദ്ധതിക്കായി ഇവിടം തിരഞ്ഞെടുത്തത്. എന്നാൽ, വർക്കല അപകടത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ പഠനത്തിനും വിദഗ്ദ ഉപദേശങ്ങൾക്കും ശേഷം പദ്ധതിയുമായി മുന്നോട്ടുപോയാൽ മതിയെന്നാണ് തീരുമാനം.
1. ആലപ്പുഴ ബീച്ചിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ റിപ്പോർട്ട് അനുകൂലമാണ്.എങ്കിലും പുതിയ സാഹചര്യത്തിൽ ആഴക്കൂടുതലും അപകട സാദ്ധ്യതയും കണക്കിലെടുക്കേണ്ടതുണ്ട്. ഹാർബർ എൻജിനിയറിംഗ്, മേജർ ഇറിഗേഷൻ വിഭാഗങ്ങളുടെയും മാരിടൈം ബോർഡിന്റെയും അഭിപ്രായം കൂടി പരിഗണിച്ചശേഷമാകും അന്തിമ തീരുമാനം.
2. ബീച്ച് ടൂറിസത്തിൽ സാഹസിക സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് എന്ന ആശയം ഉരുത്തിരിഞ്ഞത്. കടലിൽ തീരത്തോട് ചേർന്ന് പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ നടന്ന് കടൽത്തിര നേരിട്ട് അനുഭവിക്കാം. സാഹസികത ഇഷ്ടപ്പെടുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ ആസ്വാദ്യകരം.
..........................................
#പാലത്തിന്റെ നീളം: 150 മീറ്റർ
ചാർജ് (ഒരാൾക്ക്) : ₹ 200
സമയം: രാവിലെ 10 മുതൽ 7വരെ
# നിലവാരമുള്ള എച്ച്.ഡി.പി.ഇ ഫ്ളോട്ടിംഗ് ബ്ളോക്കുകൾ
# ഇരുവശവും കൈവരികൾ, ലൈഫ് ജാക്കറ്റ്, ഫ്ളോട്ടിംഗ് റിംഗ്
# കടൽ സർഫിംഗ് പോലുള്ള വിനോദങ്ങൾ