
കാൻബെറ: ലോകമെമ്പാടും ഏറെ ആരാധകരുള്ള പഴങ്ങളിലൊന്നാണ് ബ്ലൂബെറി. ഐസ്ക്രീം, കേക്ക്, ജാം, മിഠായി തുടങ്ങിയവയിലൊക്കെ ബ്ലൂബെറികളെ ഉപയോഗിക്കാറുണ്ട്. 5 മുതൽ 16 മില്ലി മീറ്റർ വരെ മാത്രം വലിപ്പമുള്ള നീല നിറത്തിലെ ഈ ചെറിയ പഴങ്ങൾ കാഴ്ചയിലും മനോഹരമാണ്.
എന്നാൽ, സാധാരണ ഒരു ബ്ലൂബെറിയുടെ പത്തിരട്ടിയോളം ഭാരമുള്ള ഒരു കൂറ്റൻ ബ്ലൂബെറി വിളയിച്ചെടുത്ത് ഗിന്നസ് ബുക്കിൽ ഇടംനേടിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ കോസ്റ്റ ഗ്രൂപ്പ് എന്ന ഫാം. ലോകത്തെ ഏറ്റവും വലിയ ബ്ലൂബെറിയായ ഇതിന് ഒരു ടേബിൾ ടെന്നീസ് ബോളിനോളം വലിപ്പമുണ്ട്. കൃത്യമായി പറഞ്ഞാൽ 4 സെന്റീമീറ്റർ വലിപ്പമുള്ള ഇതിന്റെ ഭാരം 20.4 ഗ്രാമാണ്.
വെസ്റ്റേൺ ഓസ്ട്രേലിയയിൽ കൃഷി ചെയ്തെടുത്ത 16.2 ഗ്രാം ഭാരമുണ്ടായിരുന്ന ബ്ലൂബെറിയുടെ റെക്കോഡാണ് ഇത് തകർത്തത്. വലിപ്പം കൂടിയ ബ്ലൂബെറികൾക്ക് ആവശ്യക്കാർ ഏറുന്നത് കണക്കിലെടുത്ത് കോസ്റ്റ ഗ്രൂപ്പ് വികസിപ്പിച്ച പുതിയ ഇനമാണിത്.
നവംബറിൽ ചെടിയിൽ നിന്ന് ശേഖരിച്ച ഈ ബ്ലൂബെറിയെ ഫാം ജീവനക്കാർ ഫ്രീസറിൽ സൂക്ഷിച്ച് വരികയായിരുന്നു. ഈ ആഴ്ചയാണ് ഗിന്നസ് ലോക റെക്കോഡ് ലഭിച്ചത്. ബ്ലൂബെറിയെ ഫ്രീസറിൽ നിന്ന് മാറ്റേണ്ട എന്നാണ് ഫാമിന്റെ തീരുമാനം. അതുകൊണ്ട് ഭീമൻ ബ്ലൂബെറിയുടെ രുചി എങ്ങനെയിരിക്കുമെന്നത് അജ്ഞാതമാണ്.