
ഒരിടവേളയ്ക്ക് ശേഷം ജില്ലയിലെ ആശുപത്രികളിൽ മാറാച്ചുമയുമായെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികൾക്കു വീണ്ടും അവ വരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നുണ്ടെങ്കിലും മാറാത്ത ചുമ രക്ഷിതാക്കളെ വലയ്ക്കുന്നു.
ഇമ്യൂണിറ്റി ഡെബ്റ്റാണ് വില്ലൻ
കൊവിഡ് കാലത്തിനു ശേഷം കുട്ടികൾക്ക് പ്രതിരോധശേഷിയിലുണ്ടായ ഏറ്റക്കുറച്ചിലുകളുണ്ടായിരിട്ടുണ്ടെന്നാണ് അനുമാനം. ഇത് ഇമ്യൂണിറ്റി ഡെബ്റ്റ് എന്നാണ് അറിയപ്പെടുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ആഗോളതലത്തിൽ രോഗം ബാധിച്ചിട്ടുണ്ട്.സ്‌കൂളുകൾ അടഞ്ഞുകിടന്ന സമയത്ത് കുട്ടികൾക്കു മറ്റുള്ളവരുമായി സമ്പർക്കമില്ലാത്തതിനാൽ പൊതുവേ അസുഖം കുറവായിരുന്നു. അതിനാൽ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധശേഷിയും കുറഞ്ഞു.
അങ്കണവാടികളും സ്‌കൂളുകളും തുറന്നപ്പോൾ വീണ്ടും അണുക്കളുമായി കൂടുതൽ സമ്പർക്കം വന്നതും പ്രതിരോധശേഷി കുട്ടികൾക്ക് ഇല്ലാതെ വന്നതുമാണ് പ്രധാന കാരണം. സ്‌കൂളിൽ പോകുന്ന കുട്ടികളാണെങ്കിൽ ചുമ, ജലദോഷം എന്നിവയുടെ വ്യാപനശേഷിയും കൂടുതലാണ്. വളരെ ചെറുതായി അസുഖം വന്നാലും കൂടാനും നീണ്ടുനിൽക്കാനും സാദ്ധ്യതയുണ്ട്. ശ്വാസകോശ അണുബാധ ശരിയായ വിധത്തിൽ ചികിത്സിച്ചില്ലെങ്കിൽ കുട്ടികൾക്കു ന്യുമോണിയ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ലക്ഷണങ്ങൾ
ശ്വാസംമുട്ടൽ
തളർച്ചശക്തിയായ പനി
അസാധാരണ മയക്കം
കഫത്തിൽ രക്തം
നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം
ക്രമത്തിൽ കൂടുതൽ വേഗതയിലുള്ള ശ്വാസമെടുപ്പ്
ശ്വാസമെടുപ്പ് ശ്രദ്ധിക്കണം
ശ്വാസമെടുപ്പിലൂടെയും അപായ സൂചന കണ്ടെത്താം. രണ്ടു മാസത്തിനു താഴെയുള്ള കുട്ടികൾക്ക് അറുപതിനു മുകളിലും രണ്ടു മാസം മുതൽ ഒരു വയസുവരെ 50ന് മുകളിലും ഒന്നു മുതൽ അഞ്ചു വയസുവരെ 40ന് മുകളിലും അഞ്ചു വയസുമുതലുള്ള കുട്ടികൾ 30ന് മുകളിലും ഒരു മിനുറ്റിൽ ശ്വാസമെടുക്കുന്നതു കണ്ടാൽ ഡോക്ടറെ സമീപിക്കണം. കുട്ടി ഉറങ്ങുമ്പോഴോ സ്വസ്ഥമായി ഇരിക്കുമ്പോഴോ നോക്കണം.
ശ്രദ്ധിക്കാൻ
ചുമ, തുമ്മൽ ഉണ്ടെങ്കിൽ തൂവാല ഉപയോഗിക്കണം
കൈ കഴുകുന്നതു ശീലമാക്കണം
മാസ്‌ക് ഉപയോഗിക്കണം
രക്ഷിതാക്കൾ അറിയാൻ
രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്
കുട്ടികൾക്ക് തണുത്ത ആഹാരമോ പാനീയമോ നൽകരുത്
ആഹാരം അളവ് കുറച്ച് കൂടുതൽ തവണ നൽകുക
പോഷണഗുണമുള്ള ചൂടുപാനീയങ്ങൾ നൽകണം
പപ്പായ, മാങ്ങ തുടങ്ങി ലഭ്യമായ പഴങ്ങൾ നൽകണം
രോഗലക്ഷണങ്ങൾ നിരീക്ഷിക്കണം.