
ആലപ്പുഴ: റേഷൻകടയിൽ മസ്റ്ററിംഗ് നടത്താത്തിന്റെ പേരിൽ ജീവനക്കാരന് നേരെ ആക്രമണം. മദ്യപിച്ചെത്തിയ കുട്ടമ്പേരൂർ ചെമ്പകമഠത്തിൽ സനലാണ് (43) ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചത്. കുട്ടമ്പേരൂർ 1654-ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള എ ആർ ഡി 59-ാം നമ്പർ റേഷൻകടയിലെ ജീവനക്കാരൻ വലിയകുളങ്ങര മണലിൽ കാട്ടിൽ ശശിധരൻ നായരാണ് (59) മർദ്ദനത്തിനിരയായത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടുകൂടിയായിരുന്നു സംഭവം.
വെളളിയാഴ്ച നാലുമണിക്ക് റേഷൻകട തുറന്ന് ഏതാനും മഞ്ഞ കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ചെയ്തുകൊണ്ടിരുന്നപ്പോൾ പിങ്ക് കാർഡുമായി എത്തിയ സനൽ മസ്റ്ററിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടു. അടുത്ത ദിവസം വരാൻ ജീവനക്കാരൻ പറഞ്ഞപ്പോൾ ക്ഷുഭിതനായി പുറത്തുപോയ ഇയാൾ പിന്നീട് മദ്യപിച്ചുകൊണ്ട് തിരികെ വരികയും കൈയിലുണ്ടായിരുന്ന ബിയർ കുപ്പിയുപയോഗിച്ച് ശശിധരൻ നായരുടെ തലയ്ക്കടിക്കുകയുമായിരുന്നു.
പരിക്കേറ്റ ശശിധരൻ നായരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയിട്ടുണ്ട്.