
കുളത്തൂപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് അതിജീവിതകളിലൊരാളായ യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രിയുടെ ഓഫീസിലേക്ക് ഇമെയിൽ വഴി യുവതി നൽകിയ പരാതി ആരോപണവിധേയന് ചോർത്തിയതായും പരാതിയിൽ പറയുന്നു. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം പരാതി ചോർത്തിക്കൊടുത്തെന്നാണ് കുളത്തൂപ്പുഴ സ്വദേശിനി മുഖ്യമന്ത്രിക്കും മറ്റ് ഉന്നതർക്കും നൽകിയ പരാതിയിൽ പറയുന്നത്.
കൊട്ടാരക്കര വെട്ടിക്കവല സ്വദേശിയായ സുദീപ് ചന്ദ്രനെതിരെയാണ് പരാതി. ഖത്തറിൽ ജോലി നൽകാമെന്ന് പറഞ്ഞ് മൂന്നുലക്ഷം രൂപ വാങ്ങി 2021 നവംബറിലാണ് യുവതികളെ ഖത്തറിലെത്തിച്ചത്. ഫ്‌ളാറ്റിൽ താമസിപ്പിച്ച് യുവതികളെ പീഡനത്തിനിരയാക്കിയശേഷം പരിചയക്കാർക്ക് കാഴ്ചവച്ചു. രണ്ടിലേറെ തവണ ഗർഭച്ഛിദ്രത്തിന് വിധേയമാക്കി. നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. സുദീപിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് യുവതികൾ പരാതി നൽകിയത്.
സുദീപിന്റെ പേരിൽ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ അന്വേഷണം ഇഴഞ്ഞതോടെയാണ് യുവതികളിൽ ഒരാൾ മുഖ്യമന്ത്രിക്കും ഡി ജി പിക്കും മറ്റ് മന്ത്രിമാർക്കും ഇ-മെയിലിൽ വഴി പരാതി നൽകിയത്. ഇതിൽ ഒരു മന്ത്രിക്ക് അയച്ച പരാതി ആരോപണ വിധേയന് ലഭിച്ചതായി ആരോപിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. പരാതിയുടെ വിശദാംശങ്ങൾ പറഞ്ഞ് സുദീപ് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനും സുദീപും തമ്മിൽ പരിചയമുണ്ടെന്നും ഇയാൾ വഴിയാണ് പരാതി ചോർന്നതെന്നുമാണ് യുവതി ആരോപിക്കുന്നത്. അതേസമയം സുദീപ് ഖത്തറിൽ നിന്ന് ആഫ്രിക്കയിലേക്ക് കടന്നതായും വിവരമുണ്ട്.