
കോഴിക്കോട്: ഈസ്റ്റർ, റംസാൻ, വിഷു ആഘോഷമാക്കാൻ ക്ഷീര കർഷകർക്ക് മലബാർ മിൽമയുടെ ബംബർ സമ്മാനം. മാർച്ച് ഒന്ന് മുതൽ 31 വരെ ആനന്ദ് മാതൃകാ സംഘങ്ങൾ വഴി നൽകുന്ന ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപ അധിക വില പ്രഖ്യാപിച്ചു. മൂന്നു കോടി രൂപ ഈയിനത്തിൽ കർഷകരിലെത്തും. ഇതോടെ അധിക പാൽ വിലയായി മാർച്ച് മാസം മലബാറിലെ ക്ഷീര കർഷകർക്ക് 17 കോടി രൂപ ലഭിക്കും.
മാർച്ച് മാസത്തിൽ അളക്കുന്ന പാലിന് നാല് രൂപ, 1.50 രൂപ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി 5.50 രൂപ അധിക പാൽവില നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് 1.50 രൂപ കൂടി നൽകുന്നത്. ഇതോടെ ശരാശരി പ്രതിലിറ്റർ പാൽ വില 52 രൂപ 45 പൈസയായി മാറും .2023-24 സാമ്പത്തിക വർഷം ഇതുവരെ 52 കോടിയ്ക്ക് അടുത്താണ് അധിക പാൽ വില, കാലിത്തീറ്റ സബ്‌സിഡി എന്നീയിനത്തിൽ മലബാർ മിൽമ ക്ഷീര കർഷകർക്ക് നൽകിയിട്ടുള്ളതെന്ന് മിൽമ ചെയർമാൻ കെ എസ് മണി, മാനേജിംഗ് ഡയറക്ടർ കെ.സി. ജെയിംസ് എന്നിവർ പറഞ്ഞു.