yusufali

കൊല്ലം: പരിശുദ്ധ റംസാൻ വ്രതാനുഷ്ഠാത്തിന്റെ ആരംഭത്തിൽ പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സ്‌നേഹസമ്മാനം. ഒരുകോടി രൂപയുടെ സഹായമാണ് കൈമാറിയത്.

1300 ലേറെ അന്തേവാസികളുള്ള ഗാന്ധിഭവനിൽ പ്രതിദിനം മൂന്ന് ലക്ഷത്തോളം രൂപയുടെ ചെലവാണുള്ളത്. ഭക്ഷണവും ചികിത്സയും മുടങ്ങാതിരിക്കാനാണ് ഓരോ വർഷവും യൂസഫലി ഒരുകോടി രൂപയുടെ സഹായം നൽകിവരുന്നത്. ഈ തുകയിൽ നിന്ന് ഗാന്ധിഭവന് ഭൂമി വാങ്ങുന്നതിനടക്കം ചെലവഴിച്ചതിനാൽ ഇടയ്ക്ക് സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു.

എട്ടുവർഷം മുമ്പ് ഗാന്ധിഭവൻ സന്ദർശിച്ചത് മുതൽ ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് യൂസഫലി മുടങ്ങാതെ സഹായം എത്തിച്ചുതുടങ്ങിയത്. കഴിഞ്ഞ നവംബറിൽ ഗാന്ധിഭവനിലെ അമ്മമാർക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം യൂസഫലി നിർമ്മിച്ചുനൽകിയിരുന്നു. എം.എ.യൂസഫലിക്ക് വേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി ഇ.എ.ഹാരിസ്, ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, പ്രോജക്ട് ഡയറക്ടർ ബാബു വ‌ർഗീസ്, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ കോ ഓഡിനേറ്റർ എൻ.ബി.സ്വരാജ് എന്നിവർ ഗാന്ധിഭവനിലെത്തിയാണ് ഡി.ഡി കൈമാറിയത്.