
ന്യൂഡൽഹി: 18ാമത് ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള തീയതികൾ പ്രഖ്യാപിച്ചു. വിഗ്യാൻ ഭവനിൽ നടന്ന വാർത്താസമ്മേളനത്തിനുശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതികൾ പ്രഖ്യാപിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഏഴ് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19ന്. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും. ഏപ്രിൽ 26നാണ് രണ്ടാം ഘട്ടം നടക്കുക. കേരളത്തിൽ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 26 സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇത് പാർലമെന്റ് ഇലക്ഷൻ സമയത്തുതന്നെ നടക്കുന്നതായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
ഒന്നാം ഘട്ടം : ഏപ്രിൽ 19
രണ്ടാം ഘട്ടം : ഏപ്രിൽ 26
മൂന്നാം ഘട്ടം : മേയ് ഏഴ്
നാലാം ഘട്ടം : മേയ് 13
അഞ്ചാം ഘട്ടം: മേയ് 20
ആറാം ഘട്ടം : മേയ് 25
ഏഴാം ഘട്ടം : ജൂൺ ഒന്ന്
മാർച്ച് 28ന് വിജ്ഞാപനം പുറത്തിറങ്ങും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ നാലാണ്. ഏപ്രിൽ അഞ്ചിനാണ് സൂക്ഷ്മ പരിശോധന നടക്കുക. ഏപ്രിൽ എട്ടാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
ലോക്സഭ തിരഞ്ഞെടുപ്പിനോടൊപ്പം അരുണാചൽപ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിരിക്കുകയാണ്. സിക്കിമിലും അരുണാചലിലും ഏപ്രിൽ 19നും ഒഡിഷയിൽ മേയ് 13നും 20നും ആന്ധ്രയിൽ മേയ് 13നും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഒഡീഷയിൽ രണ്ട് ഘട്ടമായായിരിക്കും നടക്കുക.
നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പിനായുള്ള നടപടികൾ പൂർത്തിയാക്കണം. തീയതികൾ പ്രഖ്യാപിച്ചതിനുപിന്നാലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവിൽ വന്നു. സ്ഥാനാർത്ഥികളുടെ വിവരങ്ങൾ കെ വൈ സി ആപ്പിൽ ലഭ്യമാവും. ബൂത്തുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തും. കേന്ദ്ര സേനയെ വിന്യസിക്കും. അതിർത്തികളിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാവും.
അതേസമയം, ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് പുരോഗമിക്കുകയാണ്. പലയിടത്തും സ്ഥാനാർത്ഥികൾ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി കഴിഞ്ഞു. 543 ലോക്സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി 257 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് 82 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
ഏകദേശം 97 കോടി പേരാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അർഹരായവർ. ഇതിൽ 1.84 കോടി വോട്ടർമാർ 18നും 19നും ഇടയിൽ പ്രായമുള്ളവരും 19.74 കോടി വോട്ടർമാർ 20നും 29നും ഇടയിൽ പ്രായമുള്ളവരാണെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. 47.15 കോടി വനിതാ വോട്ടർമാരും 49.7 കോടി പുരുഷ വോട്ടർമാരുമാണ് ഇത്തവണയുള്ളത്. 1.8 കോടി കന്നിവോട്ടർമാരും ഇത്തവണ വോട്ട് രേഖപ്പെടുത്തും. 19.74 കോടിയാണ് യുവ വോട്ടർമാർ. 48,000 ട്രാൻസ്ജൻഡർ വോട്ടർമാരുമുണ്ട്. 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്തുള്ളത്. ബൂത്തുകളിൽ ടോയ്ലറ്റ്, കുടിവെള്ളം, വീൽ ചെയർ എന്നിവയടക്കം എല്ലാ സൗകര്യങ്ങളുമുണ്ടാകുമെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. വോട്ട് ഫ്രം ഹോം സൗകര്യവും ഉണ്ടാവും. 85 വയസിന് മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിന് മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വീട്ടിൽതന്നെ വോട്ട് രേഖപ്പെടുത്താനാവും. തിരഞ്ഞെടുപ്പിനായി പൂർണ സജ്ജമെന്നും കമ്മിഷൻ വ്യക്തമാക്കി.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 11ന് ആരംഭിച്ച് ഏഴ് ഘട്ടങ്ങളിലായാണ് നടന്നത്. മേയ് 23നായിരുന്നു ഫലപ്രഖ്യാപനം. കഴിഞ്ഞ തവണത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി 303 സീറ്റുകളും കോൺഗ്രസ് 52 സീറ്റുകളുമാണ് നേടിയത്.
തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകാൻ സാദ്ധ്യതയുള്ള അക്രമങ്ങൾ, മാവോയിസ്റ്റ് സേനകളുമായോ വിമത സേനകളുമായോ ഏറ്റുമുട്ടൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള സംസ്ഥാനങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത്, വോട്ടിംഗ് തീയതികൾ, പോളിംഗ് ഘട്ടങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ പ്രഖ്യാപിക്കാൻ 24 മണിക്കൂർ വാർത്താസമ്മേളനത്തിന് ഇതാദ്യമായി തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് നൽകിയിരുന്നു.
ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഇതിനോടകം തന്നെ സംസ്ഥാനത്തെ 42 സീറ്റുകളിലേയ്ക്ക് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. കേന്ദ്ര സുരക്ഷാ സേനയോട് വോട്ടർമാരെ ഭീഷണിപ്പെടുത്തരുതെന്നും തൃണമൂൽ ആവശ്യപ്പെട്ടിട്ടുണ്ട്.