
കൊല്ലം: കത്തുന്ന മീനച്ചൂടിൽ ദാഹമകറ്റാൻ വാങ്ങിക്കുടിക്കുന്ന കുപ്പിവെള്ളവും ശീതള പാനീയങ്ങളും ചിലപ്പോൾ ആരോഗ്യത്തിന് വില്ലനായേക്കും. നേരിട്ട് സൂര്യപ്രകാശമേറ്റ പ്ളാസ്റ്റിക്ക് കുപ്പികളിലെ വെള്ളമാണ് ആരോഗ്യത്തിന് ദോഷകരമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
മലിനമായ വെള്ളത്തിന്റെ ഉപയോഗം മൂലം ജലജന്യ രോഗങ്ങൾക്കുപരി ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയത്. കുപ്പിവെള്ള പരിശോധനയും ഐസിന്റെ ഗുണനിലവാരം അളക്കുന്നതിനുള്ള പരിശോധനയും ആരംഭിച്ചു.
പ്ലാസ്റ്റിക്ക് കുപ്പികളിൽ തുടർച്ചയായി വെയിലേറ്റാൽ മൈക്രോ പ്ലാസ്റ്റിക്കും പ്ളാസ്റ്റിക്കിൽ ചേർത്തിട്ടുള്ള രാസവസ്തുവായ ഡിസ്റ്റിനോളും നേരിയതോതിൽ വെള്ളത്തിൽ കലരും. പ്രത്യക്ഷത്തിൽ കണ്ടെത്താൻ സാധിക്കില്ലെങ്കിലും ഇത് ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കും. അതിനാൽ കുപ്പിവെള്ളവും ശീതളപാനീയങ്ങളും വെയിലേൽക്കുന്ന രീതിയിൽ തൂക്കിയിടരുതെന്നും വാഹനങ്ങളിൽ വിതരണത്തിന് കൊണ്ടുപോകരുതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശം നൽകി. കുടിവെള്ളത്തിന്റെ ഗുണമേന്മ ആറ് മാസത്തിനുള്ളിൽ പരിശോധിച്ച സർട്ടിഫിക്കറ്റ് കടകളിൽ സൂക്ഷിക്കുകയും വേണം.
വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഐസുകൾ ജ്യൂസുകളിലും സർബത്തുകളിലും ഉപയോഗിക്കാൻ പാടില്ല. ഗുണമേന്മയില്ലാത്ത ഐസ് ഉപയോഗിച്ചാൽ മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ് അടക്കമുള്ള ജലജന്യ രോഗങ്ങൾക്ക് കാരണമാകും. ശുദ്ധജലത്തിൽ മാത്രമേ ഐസ് ഉപയോഗിക്കാവൂവെന്ന് ഉറപ്പുവരുത്തണമെന്നും ഭക്ഷ്യസുരക്ഷ അധികൃതർ മുന്നറിയിപ്പ് നൽകി.
മൈക്രോ പ്ളാസ്റ്റിക്ക് മാരകം
കുപ്പികൾ നിർമ്മിക്കുന്നത് പോളി എത്തിലീൻ ടെറഫ് താലേറ്റ് (പെറ്റ്) വിഭാഗത്തിലെ പ്ലാസ്റ്റിക് ഉപയോഗിച്ച്
പെറ്റിനൊപ്പം ഡിസ്റ്റിനോൾ എന്ന രാസവസ്തുവും ചേർക്കും
ലേബൽ പതിക്കാൻ ഉപയോഗിക്കുന്ന പശയും വില്ലൻ
വെയിലേൽക്കുമ്പോൾ മൈക്രോ പ്ളാസ്റ്റിക്കും രാസവസ്തുവും വെള്ളത്തിൽ കലരും
ഹൃദയത്തിൽ ബ്ലോക്ക്, ഹൃദയാഘാതം, ബി.പി വ്യതിയാനം, പക്ഷാഘാതം, ക്യാൻസർ എന്നിവയ്ക്ക് കാരണമാകും
മൈക്രോപ്ലാസ്റ്റിക്ക് ശരീരത്തിലെ രക്തയോട്ടം തടസപ്പെടുത്തും
വാങ്ങുന്നവരും വിൽക്കുന്നവരും ശ്രദ്ധിക്കണം
ഐ.എസ്.ഐ മുദ്ര
സീൽ പൊട്ടിയിട്ടില്ലെന്ന്
വെയിലത്ത് സൂക്ഷിച്ചവയല്ലെന്ന്
വാട്ടർ അതോറിറ്റിയുടെ വെള്ളത്തിന് സർട്ടിഫിക്കറ്റ് വേണമെന്നില്ല, എന്നാൽ പൊതുശുചിത്വം ഉറപ്പാക്കണം. ക്യാൻ വാട്ടർ കമ്പനികളുടെ സർട്ടിഫിക്കറ്റ് കടകളിൽ സൂക്ഷിക്കണം. ചില കുടിവെള്ള യൂണിറ്റുകളിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വിനോദ്, അസി. കമ്മിഷണർ
ഭക്ഷ്യസുരക്ഷാ വകുപ്പ്