
കണ്ണൂർ: കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ ബി ജെ പിയിലേക്ക് വരുമെന്ന സൂചന നൽകി പത്മജ വേണുഗോപാൽ. ഇക്കൂട്ടത്തിൽ മുൻ മുഖ്യമന്ത്രിമാരുടെ മക്കളുമുണ്ടാകുമെന്നും ആരാണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അവർ വ്യക്തമാക്കി. കണ്ണൂരിലെ എൻ ഡി എ തിരഞ്ഞെടുപ്പ് ഓഫീസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
മുൻ മുഖ്യമന്ത്രിമാരായ കരുണാകരൻ, എ കെ ആന്റണി എന്നിവരുടെ മക്കൾ ബി ജെ പിയിലേക്ക് പോയത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഇതിനിടയിലാണ് പത്മജയുടെ പുതിയ പ്രതികരണം.
സഹോദരൻ കെ മുരളീധരന് ബി.ജെ.പിയിലേക്ക് പരവതാനി വിരിച്ചിട്ടാണ് താൻ പോന്നിട്ടുള്ളതെന്ന് പത്മജ വേണുഗോപാൽ ഇന്നലെ പറഞ്ഞിരുന്നു. ഇപ്പോൾ ഒരു സമുദായമാണ് കോൺഗ്രസിനെ നയിക്കുന്നതെന്നും പത്മജ ആരോപിച്ചിരുന്നു.
കരുണാകരന്റെ മകളായതു കൊണ്ട് കോൺഗ്രസിൽ താൻ ഒരു മൂലയിലേക്ക് ഒതുക്കപ്പെട്ടു. ബി.ജെ.പിയിലെത്തിയപ്പോൾ വനിതകൾക്കൊപ്പം മുൻനിരയിൽ നിൽക്കാനായി. കോൺഗ്രസിലും സി.പി.എമ്മിലും നല്ല നേതാക്കളില്ല. ഈ തിരഞ്ഞെടുപ്പോടെ എ.ഐ.സി.സി ആസ്ഥാനം അടച്ചുപൂട്ടും. ചെറുപ്പക്കാരെ വളർത്തുന്ന വികനത്തിനു വേണ്ടി പ്രവർത്തിക്കുന്നതാണ് മോദി സർക്കാർ എന്നായിരുന്നു അവർ പറഞ്ഞത്.