കോഴിക്കോട്: 16 വർഷമായി ഒട്ടേറെ പ്രതിഷേധസമരങ്ങൾക്ക് സാക്ഷ്യം വഹിച്ച കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയിലെ തീപിടിത്തത്തെ നിസാരവത്കരിച്ച് അധികൃതർ. നഗരമദ്ധ്യത്തിൽ വലിയ തീപിടിത്തം നടന്നിട്ടും പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേജർ ഫയർ അല്ലെന്ന് ചൂണ്ടിക്കാട്ടി ഫയർ ഫോഴ്സും ഉന്നത അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചില്ല. സാമൂഹ്യവിരുദ്ധരുടേയും ലഹരി സംഘങ്ങളുടേയും കേന്ദ്രമായിക്കൊണ്ടിരിക്കുന്ന ഫാക്ടറിയിൽ തീയിട്ടതാകാമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. ഇതുവരെ ഉന്നത ഉദ്യാഗസ്ഥർ ആരും തന്നെ റിപ്പോർട്ട് ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെടുന്ന മുറയ്ക്ക് നൽകുമെന്നും ബീച്ച് ഫയർ സ്റ്റേഷൻ ഓഫീസർ അരുൺ അറിയിച്ചു. തീപിടിച്ച കെട്ടിടം ഇപ്പോൾ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇവരും പരാതിയുമായി എത്തിയിട്ടില്ല.
അതേ സമയം ഇന്നലെ പുലർച്ചെയും ഫാക്ടറിയുടെ പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തിന് തീപിടിച്ചിരുന്നു. തൊഴിലാളികൾ കണ്ടതിനെതുടർന്ന് ബീച്ച് ഫയർ ഫോഴ്സിനെ അറിയിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. കെട്ടിടത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ തീപിടിത്തങ്ങൾ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. തീപിടിത്തത്തിനു പിന്നിൽ ഭൂമാഫിയയാണെന്നാണ് കോംട്രസ്റ്റ് സമരസമിതിയും തൊഴിലാളികളും ആരോപിക്കുന്നത്. വൈദ്യുതിയില്ലാത്തകെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപടരില്ല. പെെതൃക സ്വത്തായ ഫാക്ടറി നശിപ്പിക്കാനായി തീയിട്ടതാണെന്ന് സമര സമിതി കൺവീനറും എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റുമായ ഇ.സി സതീശൻ പറഞ്ഞു. ഇവിടെ പൊലീസിനെ നിയോഗിക്കണമെന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങൾ ഇവിടെ താവളമാക്കിയിട്ടുണ്ട്. ഇക്കൂട്ടരിൽ ചിലർ കെട്ടിടത്തിൽ സ്ഥിരമായി താമസമാക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ ജീവനക്കാരേയും തൊഴിലാളികളേയും സാമൂഹ്യവിരുദ്ധർ അക്രമിക്കാന ശ്രമിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സമര സമിതി ഭാരവാഹികൾ യോഗം ചേരുകയും തീപിടിത്തത്തെക്കുറിച്ച് കാര്യക്ഷമമായി അന്വേഷിക്കണമെന്നും, ഫാക്ടറിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ടൗൺ പൊലീസിന് പരാതി നൽകി.
പ്രവർത്തനം നിലച്ച് അടച്ചിട്ട മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി വ്യാഴാഴ്ച രാത്രി 8.54 ഓടെയാണ്
പ്രധാന കെട്ടിടത്തിന് പുറകിലെ മേൽക്കൂരയുൾപ്പെടെ കത്തിയത്. ഫാക്ടറി അടച്ചിട്ടസമയത്ത് ഉണ്ടായിരുന്ന തുണികളും നൂലുകളും നെയ്ത്ത് ഉപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു. അഗ്നിരക്ഷ സേനയുടെ ഒൻപത് യൂണിറ്റുകളെത്തി ഉടൻ തീ നിയന്ത്രണവിധേയമാക്കിയതിനാലാണ് നഗരകേന്ദ്രത്തിൽ വൻ അപകടം ഒഴിവായത്. ഫാക്ടറി സർക്കാർ ഏറ്റെടുക്കാനുള്ള ബില്ലിന് രാഷ്ട്രപതി 2018-ൽ അംഗീകാരം നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തിൽ ഒരു വർഷവും 156 ദിവസവുമായി തൊഴിലാളികൾ അനിശ്വിതകാല സമരത്തിലാണ്.