
മുംബയ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മുംബയിൽ സമാപിക്കും. ശിവജി പാർക്കിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖ നേതാക്കളുൾപ്പെടെ പങ്കെടുക്കും.
ഇന്നലെ വൈകിട്ട് ദാദറിലെ ബി.ആർ. അംബേദ്കറുടെ സ്മാരകമായ ചൈത്യഭൂമിയിൽ ന്യായ് യാത്രയുടെ പര്യടനം പൂർത്തിയാക്കി.
നേതാക്കൾ ഭരണഘടനയുടെ ആമുഖം വായിക്കുകയും അംബേദ്‌കർ പ്രതിമയ്ക്കു മുമ്പിൽ ആദരം അർപ്പിക്കുകയും ചെയ്തു.
ഇന്നലെ താനെ ജില്ലയിൽ രാഹുൽ ജനങ്ങളെ അഭിസംബോധന ചെയ്തു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ധാരാവിയിൽ വച്ച് യാത്രയിൽ പങ്കു ചേർന്നു.
63 ദിവസം 6,700 കിലോമീറ്റർ പര്യടനത്തിന് ശേഷമാണ് യാത്ര സമാപിക്കുന്നത്. ഇന്ന് മുംബയിൽ 'ഇന്ത്യ" മുന്നണിയുടെ ശക്തിപ്രകടനമെന്ന നിലയിൽ മഹാറാലി നടത്തും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ആം ആദ്മി അദ്ധ്യക്ഷൻ അരവിന്ദ് കേജ്‌രിവാൾ എന്നിവർക്ക് ക്ഷണം ഉണ്ട്.
പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നാനാ പടോലെ അറിയിച്ചു. ഇന്ന് രാവിലെ എട്ടരയ്ക്ക് മണി ഭവനിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരമർപ്പിച്ചുകൊണ്ട് ന്യായ് സങ്കൽപ് പദയാത്ര നടത്തും.
സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പദയാത്രയിൽ പങ്കെടുക്കും. മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യക്ക് ആഹ്വാനം നൽകിയ സ്ഥലമാണ് ഇപ്പോൾ ഓഗസ്റ്റ് ക്രാന്തി മൈതാനം എന്നറിയപ്പെടുന്ന ഗോവാലിയ ടാങ്ക് മൈതാനം.
ശേഷം തേജ്പാൽ ഹാളിൽ വിവിധ മേഖലകളിൽ നിന്നുള്ളവരുമായി രാഹുൽ ചർച്ച നടത്തും. ജനുവരി 14ന് മണിപ്പൂരിൽ നിന്നാണ് ന്യായ് യാത്ര ആരംഭിച്ചത്. 15 സംസ്ഥാനങ്ങളിലൂടെയും 100ലധികം ജില്ലകളിലൂടെയും യാത്ര കടന്നുപോയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. 15 പൊതുയോഗങ്ങൾ നടത്തി. 70 സ്ഥലങ്ങളിൽ ജനങ്ങളെ അഭിസംബോധന ചെയ്‌തു.
തിര. ബോണ്ട് തട്ടിപ്പ് റാക്കറ്റ്: രാഹുൽ
സർക്കാരുകളെ അട്ടിമറിക്കാനും പാർട്ടികളെ തകർക്കാനുമുള്ള തട്ടിപ്പ് റാക്കറ്റാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പദ്ധതി അന്താരാഷ്ട്ര തലത്തിലുള്ള കൊള്ളയടിക്കൽ റാക്കറ്റാണ്. പ്രതിഷേധിക്കുന്നവർക്ക് പിറകെ ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് എന്നിവ പോകുന്നു എന്നും ആരോപിച്ചു.