
കോൺഗ്രസിന്റെ ദേശീയ നേതാവും സ്ഥാനമാനങ്ങളിൽ അശേഷം താത്പര്യമില്ലാത്ത പണ്ഡിതയുമായ ഡോ. ഷമ മുഹമ്മദിനോട് 'അല്ല, എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ, താൻ ആരുവാ" എന്ന് താളവട്ടം സിനിമയിലെ ജഗതി സ്റ്റൈലിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ചോദിച്ചത് ക്രൂരവും പൈശാചികവുമാണ്. സംശയമുള്ളവർക്ക് എ.കെ.ആന്റണിയോട് ചോദിക്കാം. അദ്ദേഹം പൊട്ടിക്കരയുമെന്നുറപ്പ്. ഇന്ത്യാ മഹാരാജ്യത്തെ കോൺഗ്രസിന്റെ മൊത്തത്തിലുള്ള വക്താവിനെ ചെറിയൊരു സംസ്ഥാനത്തെ നേതാവ് അറിയില്ലെന്ന് പറഞ്ഞത് സ്ത്രീസമൂഹത്തിനെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയാണ്. അവഗണനയ്ക്കു പുറമേ ആക്ഷേപവും!.
സീറ്റ് കൊടുക്കാതിരിക്കുക, മത്സരിപ്പിച്ച് തോൽപ്പിക്കുക, സ്റ്റേജിൽ ഇരുത്താതിരിക്കുക, ദേശീയ നേതാക്കൾക്കൊപ്പം കാറിൽ കയറ്റാമെന്ന് വിശ്വസിപ്പിച്ച് കാശ് വാങ്ങുക, ഒരു കാര്യവുമില്ലാതെ പാരവയ്ക്കുക തുടങ്ങിയവ ചില കോൺഗ്രസ് നേതാക്കളുടെ ഹോബിയാണെന്ന് ലീഡറുടെ മോൾ പത്മാജി പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. ഇപ്പോൾ ഷമാജിക്കും കാര്യങ്ങൾ പിടികിട്ടി. കൂടുതലൊന്നുമില്ല, ഒരു ലോക്‌സഭാ സീറ്റ് മാത്രമാണ് കുട്ടി മോഹിച്ചത്. പഹയന്മാർ കൊടുത്തില്ല.
കോൺഗ്രസിൽ താനടക്കമുള്ള മിടുമിടുക്കികളായ പെൺകുട്ടികൾ തുടർച്ചയായി അവഗണിക്കപ്പെടുന്നതുകൊണ്ടു മാത്രമാണ് പരിവാറുകാർക്കൊപ്പം കൂടിയതെന്നു ലീഡറുടെ മോൾ പദ്മജക്കുട്ടി പറഞ്ഞതുമായി ചേർത്തുവായിക്കുമ്പോൾ ഷമാജിയുടെ സങ്കടങ്ങൾ നിസ്സാരമല്ല. ചാനൽ ചർച്ചകളിൽ സംഘികളെയും സഖാക്കളെയും നിറുത്തിപ്പൊരിക്കുന്ന ഷമയ്ക്ക് ക്ഷമ ലേശം കുറവാണെങ്കിലും അറിവ് വളരെ കൂടുതലാണ്. അറിവ് കൂടുമ്പോൾ ശബ്ദവും കൂടും. കേരളത്തിൽ എണ്ണത്തിൽ മുന്നിലുള്ള പെണ്ണുങ്ങൾക്ക് അവസരങ്ങൾ കിട്ടുന്നില്ലെന്ന് കൃത്യമായ കണക്കെടുത്ത് ഷമാജി വെളിപ്പെടുത്തുകയായിരുന്നു. ലോക്‌സഭയിലേക്കുള്ള കേരളത്തിലെ സ്ഥാനാർത്ഥിപ്പട്ടികയിൽ ഒരേയൊരു വനിതയേ ഉള്ളൂവെന്ന് അറിഞ്ഞപ്പോൾ തകർന്നുപോയി. യൂത്ത് കോൺഗ്രസിലടക്കം എത്രയോ മിടുമിടുക്കികളുണ്ട്. രാജ്യത്തിന്റെ വികസനത്തിന് ഉറപ്പായും ജയിക്കേണ്ട ചില മഹിളാരത്‌നങ്ങളെ ആസൂത്രിതമായി ഒഴിവാക്കിയത് പുരുഷാധിപത്യം നിലനിറുത്താനാണെന്നും പുറത്തുനിറുത്തിയവരിൽ ഒരേയൊരു ദേശീയ രത്‌നമാണ് താനെന്നും ഷമാജി ആഞ്ഞടിച്ചു. കെ.പി.സി.സി പ്രസിഡന്റും കളരിയഭ്യാസിയുമായ സുധാകർജിയുടെ മുഖത്തുനോക്കി നിങ്ങളൊരു സ്ത്രീവിരുദ്ധനാണെന്ന് വ്യംഗ്യമായി പറയാനുള്ള ചങ്കൂറ്റം കോൺഗ്രസിലെ ഏക ഉണ്ണിയാർച്ചയായ ഷമാജിക്കുണ്ടായി. ഇംഗ്ലീഷിലായിരുന്നെങ്കിൽ ഒരുപാട് പറയാമായിരുന്നെങ്കിലും സുധാകർജിക്കു മനസിലാക്കാൻ മലയാളത്തിലാക്കുകയായിരുന്നു. തരൂർജിക്കെതിരെ ആയിരുന്നെങ്കിൽ മാലപ്പടക്കം പോലെ ഇംഗ്ലീഷ് കേൾക്കാമായിരുന്നു.
കേരളത്തിൽ എവിടെ മത്സരിച്ചാലും റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പുള്ള ഒരേയൊരു നേതാവായിട്ടും ഷമാജിയെ തഴഞ്ഞത് ഒട്ടും ശരിയായില്ല.
സംസ്ഥാനത്തെ കോൺഗ്രസ് ഭാരവാഹികളുടെ എണ്ണംപോലും തിട്ടപ്പെടുത്താനാവാതെ കഷ്ടപ്പെടുന്ന സുധാകർജിക്ക് ഈ ദേശീയ നേതാവിനെ മനസിലായില്ലെന്നതാണ് വാസ്തവം. വലിയൊരു സോഷ്യലിസ്റ്റ് പാർട്ടിയായതിനാൽ സ്വാഭാവികമായും ഒരുപാട് നേതാക്കളുണ്ടാവും.
സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ തീവ്രശ്രമം നടത്തുന്നതിനാൽ സുധാകർജിക്ക് ചാനൽചർച്ചകൾ കാണാൻ സമയംകിട്ടാറില്ല. ഒരു തവണയെങ്കിലും കണ്ടിരുന്നെങ്കിൽ ഷമാജിയെ മറക്കില്ലായിരുന്നെന്ന് മാത്രമല്ല, ആരാധകനാവുകയും ചെയ്യുമായിരുന്നു. മുഖപരിചയംപോലും തോന്നാതിരുന്നതുകൊണ്ടാണ്, ഷമ പാർട്ടിയുടെ ആരുമല്ലെന്ന് മൂപ്പര് പറഞ്ഞത്.
ഇത്രയും അവഹേളനമുണ്ടായിട്ടും കോൺഗ്രസിൽ നിന്നിറങ്ങി പരിവാർ പാർട്ടിയിൽ ചേർന്നില്ലെന്നതാണ് ഷമാജിയുടെ മനസിന്റെ വലിപ്പം. ഷമാജിയിലൂടെ കേരളം പിടിച്ചടക്കാമെന്ന് കണക്കുകൂട്ടിയ പരിവാറുകാർ ചമ്മിപ്പോയി. ഇംഗ്ലീഷിൽ ബഹളം വയ്ക്കാനറിയാവുന്ന ഒരു വനിതാനേതാവിന്റെ കുറവ് കേരളത്തിലെ പരിവാറുകാർക്കുണ്ട്.
വളരെ വൈകിയാണെങ്കിലും ഷമാജി ആരാണെന്ന് ക്ഷമയോടെ ചിന്തിച്ചിപ്പോൾ കെ. സുധാകരന് മനസിലായി. ഇനി മറക്കില്ല. എ.ഐ.സി.സി വെബ്‌സൈറ്റിലെ ചിത്രത്തിന്റെ സ്‌ക്രീൻഷോട്ടെടുത്ത് സമൂഹമാദ്ധ്യമങ്ങളിലിട്ട് ഒറിജിനൽ വക്താവാണെന്നും ഡൽഹിയിൽ ഒരുപാട് പിടിപാടുണ്ടെന്നും ഷമാജി ബോദ്ധ്യപ്പെടുത്തി. ന്യൂനപക്ഷത്തിൽ നിന്നുള്ള ഒരു ധീരവനിതയുടെ അവസ്ഥയിതാണെങ്കിൽ കോൺഗ്രസിലെ സാധാരണ വനിതകളുടെ കാര്യമോർത്തിട്ട് ഇ.പി. ജയരാജനടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് സങ്കടം സഹിക്കാനാവുന്നില്ല. സി.പി.എമ്മിൽ ആയിരുന്നെങ്കിൽ എവിടെയെത്തേണ്ടയാളാണ് ഷമാജി. ഇംഗ്ലീഷും ഹിന്ദിയും ശഡുശഡോന്നു സംസാരിക്കാൻ കഴിവുള്ള നേതാക്കൾ കേരളത്തിലെ സഖാക്കളിലോ സംഘികളിലോ ഇല്ല. ദീർഘദർശികളായ വനിതാ കോൺഗ്രസുകാർക്ക് അവിടെ പ്രത്യേക പരിഗണനയുണ്ട്. ഏതു പരിപാടിയിലും സ്റ്റേജിൽ മുൻനിരയിലിരിക്കാം. പെണ്ണുങ്ങൾ അടുക്കളയിലും ആണുങ്ങൾ അരങ്ങിലുമെന്ന ഏർപ്പാടില്ല.
ദീപ്തിയെ റാഞ്ചാൻ സഖാക്കൾ
പത്മജയെ സംഘികൾ റാഞ്ചിയെങ്കിൽ മറ്റൊരു ധീരവനിതയായ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ തട്ടിയെടുക്കാനുള്ള ഇ.പി. ജയരാജന്റെ നേതൃത്വത്തിലുള്ള സഖാക്കളുടെ ശ്രമം വിജയിച്ചില്ല. ഇനിയും ശ്രമിച്ചേക്കാം. എം.എൽ.എയോ മന്ത്രിയോ ആക്കണമെന്ന് സഖാക്കൾക്ക് ഒരേ നിർബന്ധം. സീതാറാം യെച്ചൂരി വിളിച്ചാലും പോവില്ലെന്ന് താൻ പറഞ്ഞപ്പോൾ ജയരാജൻ നാണിച്ചുപോയെന്ന് ദീപ്തി തന്നെ വെളിപ്പെടുത്തിയതിനാൽ നുണയാവാൻ വഴിയില്ലെന്ന് കോൺഗ്രസുകാർക്ക് ഉറപ്പുണ്ട്. സി.പി.എമ്മിലേക്ക് കൊണ്ടുപോകാൻ സാക്ഷാൽ ഇ.പി. ജയരാജൻ ശ്രമിച്ചതിൽ നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ്. സമരം ചെയ്യാനും തല്ലുകൊള്ളാനും സഖാക്കളിൽ ധാരാളം വനിതകളുണ്ടെങ്കിലും അരങ്ങിൽ നിറുത്താവുന്നവർ കുറവാണ്. അതു പരിഹരിക്കാൻ എളിയ ശ്രമം നടത്തിയെന്നുമാത്രം.
എന്നാൽ ദീപ്തിക്ക് മറവിരോഗമുണ്ടെന്നും കമ്മ്യൂണിസ്റ്റുകാരിയായി രാജ്യത്തിന്റെ ഭാവിക്കായി പ്രവർത്തിക്കാൻ അവസരം നൽകണമെന്നു പറഞ്ഞ് ജയരാജനെ കണ്ടത് ദീപ്തിയാണെന്നും ചില ബ്രോക്കർമാർ പറഞ്ഞുപരത്തുന്നുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ എതിരാളിക്ക് വോട്ട് ചെയ്ത് തെളിവായി വിവിപാറ്റിന്റെ ഫോട്ടോയെടുത്ത് ഇ.പി. ജയരാജനെ കാണിച്ചെന്നുമൊക്കെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ദീപ്തിയെ അടുത്തറിയാവുന്ന ആരും വിശ്വസിച്ചിട്ടില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ഊണും ഉറക്കവുമില്ലാതെ ഓടിനടന്നു പ്രവർത്തിച്ചയാളാണെന്ന് ആർക്കാണ് അറിയാത്തത്. കോൺഗ്രസ് അല്ലാതെ മറ്റൊരു പാർട്ടിയും മനസിലില്ലെന്നും ജീവിതകാലം മുഴുവൻ എളിയ പ്രവർത്തകയായി തുടരണമെന്നാണ് ആഗ്രഹമെന്നും ദീപ്തി വ്യക്തമാക്കിക്കഴിഞ്ഞു. സത്യസന്ധർ എക്കാലത്തും വേട്ടയാടപ്പെട്ടിട്ടുണ്ട്.
വക്കീലായതിനാൽ ലാപോയിന്റുകൾ നോക്കി സംസാരിക്കണമെന്നും പ്രവർത്തിക്കണമെന്നും നിർബന്ധമുള്ള നേതാവാണ് ദീപ്തി. ചട്ടങ്ങൾ അമ്മാനമാടി മണിക്കൂറുകളോളം പ്രസംഗിക്കാൻ കഴിയുന്ന മറ്റൊരു യുവനേതാവ് കോൺഗ്രസിൽ ഇല്ലെന്നു തന്നെ പറയേണ്ടിവരും. എറണാകുളത്തെ സമ്മേളനത്തിനെത്താൻ രാഹുൽജി വൈകിയപ്പോൾ കോൺഗ്രസിന്റെ ചരിത്രത്തെക്കുറിച്ചും ഭാവിയിലെ സാദ്ധ്യതകളെക്കുറിച്ചും മണിക്കൂറുകളോളം സംസാരിച്ച് ചെന്നിത്തലയടക്കമുള്ള കോൺഗ്രസുകാരെ അതിശയിപ്പിച്ചു. കോൺഗ്രസിനെക്കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള അവസരമാണ് രാഹുൽജിക്ക് നഷ്ടമായത്.