airline

കൊച്ചി: ആവശ്യത്തിന് വിമാനങ്ങൾ ലഭ്യമല്ലാത്തതിനാൽ രാജ്യത്തെ വ്യോമയാന മേഖലയിൽ വെല്ലുവിളിയേറുന്നു. വിമാന കമ്പനികൾ സർവീസുകൾ തുടർച്ചയായി റദ്ദാക്കുന്നതാണ് ആഭ്യന്തര യാത്രക്കാരെ വലയ്ക്കുന്നത്. വിമാന സർവീസുകൾ റദ്ദാക്കുകയും വൈകിക്കുകയും ചെയ്തതിനാൽ ഫെബ്രുവരിയിൽ 15.5 ലക്ഷം വിമാന യാത്രക്കാരെ ബാധിച്ചുവെന്ന് ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ കണക്കുകൾ പറയുന്നു. വിമാനങ്ങൾ റദ്ദാക്കിയത് മൂലം പ്രതിസന്ധി നേരിട്ട വിമാന യാത്രക്കാർക്ക് അധിക സൗകര്യങ്ങൾ ഏർപ്പെടുത്താനായി വ്യോമയാന കമ്പനികൾ ഒരു കോടി രൂപ കൂടുതലായി ചെലവഴിക്കേണ്ടി വന്നു.

സർവീസുകൾ തുടർച്ചയായി റദ്ദാക്കിയതോടെ വിമാന യാത്രക്കാരുടെ എണ്ണം മുൻമാസത്തേക്കാൾ 3.8 ശതമാനം കുറഞ്ഞ് 1.26 കോടിയിലെത്തി. ജനുവരിയിൽ 1.31 കോടി യാത്രക്കാരാണ് ഇന്ത്യൻ ആകാശത്ത് യാത്ര ചെയ്തത്. അതേസമയം കഴിഞ്ഞ വർഷം ഫെബ്രുവരിയേക്കാൾ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 4.8 ശതമാനം വർദ്ധനയാണുള്ളത്..

ഡിസംബർ, ജനുവരി മാസങ്ങളിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനയാണുണ്ടായിരുന്നത്. മാർച്ചിൽ വിനോദ സഞ്ചാരികളുടെ എണ്ണം കുറയുന്ന ട്രെൻഡാണ് പൊതുവേയുള്ളതെന്ന് വ്യോമയാന മേഖലയിലുള്ളവർ പറയുന്നു.

കഴിഞ്ഞ മാസം ഇന്ത്യൻ കമ്പനികളുടെ ആഭ്യന്തര സർവീസുകളിൽ ശരാശരി 90 ശതമാനം വരെ ഒക്കുപൻസിയാണുണ്ടായിരുന്നത്. നിലവിൽ 60.1 ശതമാനം വിപണി വിഹിതവുമായി ഇൻഡിഗോ ഇന്ത്യയുടെ ആകാശങ്ങളിൽ മേധാവിത്തം തുടരുകയാണ്. 12.8 ശതമാനം വിഹിതവുമായി എയർ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. സ്പൈസ്ജെറ്റ്, വിസ്താര, എയർഇന്ത്യ എക്‌സ്‌പ്രസ്, ആകാശ് എയർ എന്നിവയുടെ വിഹിതം പത്ത് ശതമാനത്തിൽ താഴെയാണ്.

വിമാന നിരക്കുകൾ കുത്തനെ കൂടിയേക്കും

പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അടുത്ത മാസങ്ങളിൽ ആഭ്യന്തര വ്യോമയാന മേഖലയിൽ മികച്ച തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ വിമാനങ്ങളുടെ ലഭ്യത കുറഞ്ഞാൽ ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരാൻ ഇടയുണ്ട്.


ഫെബ്രുവരിയിലെ യാത്രക്കാർ

1,26,000,00

ഇടിവ്

50,000

ആവശ്യത്തിന് വിമാനങ്ങളില്ല