crime

ബംഗളൂരു: ഉസ്ബക്കിസ്ഥാൻ സ്വദേശിയായ വനിതയെ ബംഗളൂരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഹോട്ടൽ ജീവനക്കാരാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടു പേരെ അറസ്റ്റ് ചെയ്തു. അസാം സ്വദേശികളായ അമൃത് സോന (22) റോബർട്ട് (26) എന്നിവരെയാണ് അറസ്റ്റിലായത്. വനിതയുടെ മുറിയിൽ നിന്ന് കാണാതായ ഐ ഫോണും പണവും ഇവരിൽ നിന്ന് കണ്ടെടുത്തു.

സെറീന ഉത്കിറോവ്ന (37) എന്ന ഉസ്ബക്കിസ്ഥാൻ വനിതയെ കഴിഞ്ഞ 13ന് രാത്രിയാണ് നഗരത്തിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. മുഖത്ത് പരിക്കുണ്ടായിരുന്നു. മൂക്കിൽനിന്ന് ചോരയും വന്നിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ശ്വാസം മുട്ടിയുള്ള മരണമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഹോട്ടൽ ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
മോഷണം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. ഇവരുടെ കൈവശം ധാരാളം പണമുണ്ടെന്നാണ് പ്രതികൾ കരുതിയത്. ഇത് കൈക്കലാക്കിയാൽ പെട്ടെന്ന് പണക്കാരാകാമെന്ന് കരുതിയെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.

ടൂറിസ്റ്റ് വിസയിലാണ് സെറീന ഇന്ത്യയിലെത്തിയത്. ഡൽഹിയിൽ നിന്ന് മാർച്ച് അഞ്ചിനാണ് ബംഗളൂരുവിലെത്തിയത്. ട്രാവൽ ഏജന്റായ രാഹുൽ എന്നയാളാണ് യുവതിക്ക് ഹോട്ടലിൽ മുറിയെടുത്ത് നൽകിയത്. 16ാം തീയതി വരെ ഹോട്ടലിൽ തങ്ങുമെന്നായിരുന്നു യുവതി അറിയിച്ചിരുന്നത്. 5,500 രൂപയായിരുന്നു പ്രതിദിന വാടക. ഇതിനുപുറമേ ഹോട്ടലിൽനിന്ന് കഴിക്കുന്ന ഭക്ഷണത്തിനും യുവതി പണം അടച്ചിരുന്നു.

ഓരോ ദിവസത്തെയും വാടകയും ഭക്ഷണത്തിന്റെ പണവും അതത് ദിവസങ്ങളിലാണ് അടച്ചിരുന്നത്. ഹോട്ടൽ ജീവനക്കാരനും കേസിലെ പ്രതിയുമായ അമൃത് സോനയുടെ പക്കലാണ് യുവതി ഓരോ ദിവസത്തെയും ബിൽ തുക കൗണ്ടറിൽ അടയ്ക്കാനായി ഏൽപ്പിച്ചിരുന്നത്. ഒരിക്കൽ യുവതിയുടെ ബാഗിൽ നിറയെ പണമുള്ളതും അമൃത് സോന ശ്രദ്ധിച്ചിരുന്നു. ഇത് കണ്ടതോടെയാണ് വിദേശവനിതയുടെ കൈവശം ധാരാളം പണമുണ്ടെന്ന് പ്രതികൾ കരുതിയത്. തുടർന്ന് ഇത് കൈക്കലാക്കാനായി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.