kavitha

ബംഗളൂരു: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ. കവിതയെ ഏഴ് ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു.

ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. സ്‌പെഷ്യൽ ജഡ്ജി എം.കെ നാഗ്പാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 23 വരെ കസ്റ്റഡിയിൽ തുടരും. പത്ത് ദിവസം റിമാൻഡ് ചെയ്യണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടത്.
അറസ്റ്ര് നിയമവിരുദ്ധമാണെന്ന കവിതയുടെ വാദം കോടതി അംഗീകരിച്ചില്ല. അറസ്റ്ര് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ പോരാടുമെന്നും കവിത കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതികരിച്ചു. നടപടി അധികാരത്തിന്റെ നഗ്നമായ ദുർവിനിയോഗമാണെന്ന് കവിതയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരി വാദിച്ചു. എന്നാൽ,

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. വാദത്തിനിടെ എന്തിനാണ് ധൃതി പിടിച്ച് അറസ്റ്റ് ചെയ്തതെന്ന് കോടതി ഇ.ഡിയോട് ചോദിച്ചു. ഇ.ഡി നടപടിക്കെതിരെ കവിത നൽകിയ ഹർജി സുപ്രീംകോടതി 19ന് പരിഗണിക്കാനിരിക്കുകയാണെന്നും കടുത്ത നടപടി ഉണ്ടാകില്ലെന്ന് പറഞ്ഞ ഇ.ഡി അറസ്റ്റ് ചെയ്തത് കോടതിയെ മറികടക്കുന്നതാണെന്നും കവിതയുടെ അഭിഭാഷകൻ അറിയിച്ചു.

കടുത്ത നടപടി ഉണ്ടാകില്ലെന്ന് കോടതിയിൽ പറഞ്ഞിട്ടില്ലെന്ന് ഇ.ഡി അഭിഭാഷകൻ മറുപടി നൽകി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.

തുടർന്നാണ് കവിതയെ ഇ.ഡി കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്.

കേസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഹൈദരാബാദിലെ വീട്ടിൽ നിന്ന് കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്.

തുടർന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി. അറസ്റ്റിനു മുമ്പ് കവിതയുടെ വസതിയിൽ ഇ.ഡി പരിശോധനയും നടത്തി.

കേജ്‌രിവാളിന് ആശ്വാസം

അതിനിടെ,​ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാത്തതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം അനുവദിച്ച് റോസ് അവന്യു കോടതി. 15,000 രൂപയുടെ ബോണ്ടും ഒരു ലക്ഷം രൂപയുടെ ജാമ്യത്തിലുമാണ് ഇളവ്.

കേജ്‌രിവാൾ ഇന്നലെ രാവിലെ കോടതിയിൽ ഹാജരായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിധി ആം ആദ്മിക്കും കേജ്‌രിവാളിനും ആശ്വാസമാണ്.

കേസിൽ ചോദ്യം ചെയ്യുന്നതിന് എട്ടുതവണ ഇ.ഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ കേജ്‌രിവാൾ ഹാജരായില്ല. ഇതിനെതിരെ ഇ.ഡി കോടതിയെ സമീപിക്കുകയായിരുന്നു. സമൻസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേജ്‌രിവാൾ നൽകിയ ഹർജി മേൽക്കോടതി തള്ളിയതോടെയാണ് ഇന്നലെ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരായത്.