
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വംശജരായ ദമ്പതികളുടെയും മകളുടെയും മൃതദേഹങ്ങൾ വീടിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ഒന്റേറിയോയിലെ ബ്രാംപ്ടൺ നഗരത്തിലാണ് സംഭവം. 15 വർഷമായി ഇവിടെ താമസമാക്കിയ കാശ്മീർ വംശജരായ രാജീവ് വരിക്കൂ ( 51), ഭാര്യ ശില്പ കോത്ത (47), ഇവരുടെ മകൾ മഹെക് വരിക്കൂ (16) എന്നിവരാണ് മരിച്ചത്. ഈ മാസം ഏഴിന് ഉച്ചയോടെയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇവരെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.
വീട്ടിലുണ്ടായ തീപിടിത്തമാണ് മരണ കാരണം. എന്നാൽ, സ്വാഭാവിക കാരണങ്ങൾ മൂലമുണ്ടായ തീപിടിത്തമാണെന്ന് കരുതുന്നില്ലെന്ന് പൊലീസും അഗ്നിരക്ഷാ ഉദ്യോഗസ്ഥരും വെളിപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ തെളിവുകൾ ശേഖരിച്ചുവരികയാണ്. ഉഗ്ര സ്ഫോടന ശബ്ദത്തോടെയാണ് തീപിടിച്ചതെന്ന് സമീപവാസികൾ വ്യക്തമാക്കി. പൊലീസിന്റെ നരഹത്യാ യൂണിറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
മൂവരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം പൂർണമായും കത്തിനശിച്ചിരുന്നു. വീടിനകവും പൂർണമായും കത്തിനശിച്ചു. ഇവിടെ പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകട സമയം മരിച്ചവർ ആരെന്നതിൽ പൊലീസിന് വ്യക്തത ലഭിച്ചിരുന്നില്ല. വീട്ടിൽ നിന്ന് ശക്തമായി തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
കുടുംബത്തെ ഏതെങ്കിലും തരത്തിലെ ബുദ്ധിമുട്ടുകൾ അലട്ടിയിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. അയൽവാസികളിൽ നിന്ന് വിവരങ്ങൾ തേടിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിക്കുന്നുണ്ട്. സന്നദ്ധപ്രവർത്തകനായ രാജീവ് നേരത്തെ ടൊറന്റോ പൊലീസിന്റെ ഒരു സഹായ പദ്ധതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒന്റേറിയോയിലെ ആരോഗ്യമന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.