
ടെൽ അവീവ്: ദുരിത ജീവിതം നയിക്കുന്ന ഗാസയിലെ ജനങ്ങളുടെ ഭീതി ഇരട്ടിയാക്കി ഇസ്രയേലിന്റെ പുതിയ നീക്കം. തെക്കൻ നഗരമായ റാഫയിലെ കരയാക്രമണത്തിനുള്ള പദ്ധതിക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകാരം നൽകി.
ദൗത്യത്തിന് സൈന്യം സജ്ജമാവുകയാണെന്നും റാഫയിലെ സാധാരണക്കാരെ ഒഴിപ്പിച്ച ശേഷമാകും ആക്രമണമെന്നും ഇസ്രയേൽ അറിയിച്ചു. റാഫയെ ആക്രമിക്കുന്നത് വിനാശകരമായ അനന്തരഫലങ്ങൾ സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന ( യു.എൻ ) മുന്നറിയിപ്പ് നൽകി.
വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്ത ഏകദേശം 14 ലക്ഷത്തിലേറെ പേരാണ് റാഫയിലുള്ളത്. അഭയാർത്ഥി ക്യാമ്പുകളിൽ മതിയായ ഭക്ഷണമോ ചികിത്സയോ ഇല്ലാതെ ദുരിതത്തിലാണിവർ. ഏകദേശം 5 ലക്ഷം പേർ കൊടുംപട്ടിണിയുടെ വക്കിലാണ്. റാഫയെ ആക്രമിക്കുന്നതിനെതിരെ യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും ഇസ്രയേലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 31,500ലേറെ പേരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്.
അതിനിടെ, വെടിനിറുത്തലിനുള്ള സാദ്ധ്യതകൾ അസ്തമിച്ചിട്ടില്ലെന്നും ഇസ്രയേൽ സൂചന നൽകി. ഇസ്രയേലി ജയിലിലുള്ള പാലസ്തീനിയൻ തടവുകാരുടെ മോചനം സംബന്ധിച്ച് യാഥാർത്ഥ്യബോധമില്ലാത്ത ആവശ്യങ്ങളാണ് ഹമാസ് ഉന്നയിക്കുന്നത്. എങ്കിലും സുരക്ഷാ ക്യാബിനറ്റ് യോഗത്തിന് ശേഷം രാജ്യത്തിന്റെ പ്രതിനിധി സംഘം വെടിനിറുത്തൽ ചർച്ചകൾക്കായി ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്ക് തിരിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
 ഭക്ഷണവുമായി കപ്പൽ എത്തി
ജനങ്ങൾക്കുള്ള ഭക്ഷണവുമായി ആദ്യ കപ്പൽ ഇന്നലെ ഗാസ തീരത്തെത്തി. ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ കരമാർഗമുള്ള സഹായവിതരണം ഫലപ്രദമല്ലാത്തതിനാലാണ് സൈപ്രസ് വഴിയുള്ള സമുദ്ര ഇടനാഴി കൂടി ഉപയോഗിക്കാൻ യു.എസും യൂറോപ്യൻ രാജ്യങ്ങളും മറ്റും തീരുമാനിച്ചത്. ഈ പാതയിലൂടെയുള്ള ആദ്യ കപ്പലാണ് ഇന്നലെ തീരത്തെത്തിയത്.
യു.എ.ഇ അടക്കമുള്ള രാജ്യങ്ങളുടെ സഹകരണത്തോടെ യു.എസ് ആസ്ഥാനമായുള്ള വേൾഡ് സെൻട്രൽ കിച്ചൺ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ കാരറ്റ്, ബീൻസ്, അരി, മാവ്, ഈന്തപ്പഴം തുടങ്ങി 200 ടൺ ഭക്ഷ്യവസ്തുക്കളാണ് സ്പാനിഷ് കപ്പലിൽ എത്തിച്ചത്.
ഇവ ഇന്നലെ തന്നെ ലോറികളിലേക്ക് മാറ്റി വിതരണം ആരംഭിച്ചു. ഗാസ തീരത്തെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേൽ സൈനികരെ വിന്യസിച്ചിരുന്നു. രണ്ടാം കപ്പൽ അധികം വൈകാതെ ഗാസയിലേക്ക് പുറപ്പെടും.