pma-salam

തിരുവനന്തപുരം: വെള്ളിയാഴ്‌ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ വിയോജിപ്പുമായി മുസ്ളീം ലീഗ്. നടപടി വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിംഗ് ഏജന്റുമാരായ വിശ്വാസികൾക്കും അസൗകര്യം സൃഷ്‌ടിക്കുമെന്ന് മുസ്ളീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഇക്കാര്യം അടിയന്തരമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച ഇസ്ളാം മത വിശ്വസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമ ദിവസമാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ഈദിവസം തന്നെ വോട്ടെടുപ്പിന് തിരഞ്ഞെടുത്തത് പ്രയാസം സൃഷ്‌ടിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്താൻ തയ്യാറാകണമെന്ന് പിഎംഎ സലാം ആവശ്യപ്പെട്ടു.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ഡൽഹി നിർ‌വചൻ സദനിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19ന്. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും. ഏപ്രിൽ 26നാണ് രണ്ടാം ഘട്ടം നടക്കുക. കേരളത്തിൽ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് കേരളത്തിലെ വോട്ടെടുപ്പ്. 26 സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇത് പാർലമെന്റ് ഇലക്ഷൻ സമയത്തുതന്നെ നടക്കുന്നതായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.