wpl

വനിതാ പ്രിമിയർ ലീഗ ്ഫൈനൽ ഇന്ന്

ന്യൂഡൽഹി: വനിതാ പ്രിമിയർ ലീഗിലെ പുത്തൻ കിരീടാവകാശിയെ ഇന്ന് രാത്രി അറിയാം. ഇന്ന് രാത്രി 7.30 മുതൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം വേദിയാകുന്ന വനിതാ പ്രിമിയർ ലീഗിന്റെ രണ്ടാം സീസൺ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിൽ കളിച്ച് 8 മത്സരത്തിൽ ആറും ജയിച്ച് പോയിന്റ് ടേബിളിൽ (12 പോയിന്റ്) ഒന്നാം സ്ഥാനക്കരായ മെഗ് ലാന്നിംഗ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസിന് ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുകയായിരുന്നു. അതേസമയം പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരായ സ്‌മൃതി മന്ഥന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രണ്ടാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ മുംബയ് ഇന്ത്യൻസിനെ പ്ലേ ഓഫിൽ വീഴ്ത്തിയാണ് കലാശക്കളിക്ക് യോഗ്യത നേടിയത്.

പ്രതീക്ഷയോടെ

കഴിഞ്ഞ സീസണിലെ റണ്ണറപ്പായ ഡൽഹിയുടെ തുടർച്ചായായ രണ്ടാം ഫൈനലാണിത്.കഴിഞ്ഞ തവണ ഫൈനലിൽ മുംബയ്‌‌യോട് 7 വിക്കറ്റിന് തോറ്റ ഡൽഹി ആ സങ്കടം തീർത്ത് കപ്പുയർത്താമെന്ന പ്രതീക്ഷയിലാണ് ഇത്തവണ ഹോം ഗ്രൗണ്ടിൽ കലാശപ്പോരിനിറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും മികച്ച താരങ്ങളുടെ സാന്നിധ്യമാണ് ഡൽഹിയുടെ കരുത്ത്. ടൂർണമെന്റിലെ ടോപ് സ്കോറർമാരിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ക്യാപ്ടൻ മെഗ് ലാന്നിംഗ് തന്നെയാണ് ബാറ്റിംഗ് നിരയെ മുന്നിൽ നിന്ന് നയിക്കുന്നത്. മെഗ് ലാന്നിംഗും ഇന്ത്യൻ യുവതാരം ഷഫാലി വർമ്മയും തമ്മിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ചതാണ്. ബൗളർമാരിൽ ഇത്തവണ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തവരിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള മൂന്നുപേരിൽ രണ്ടും ഡൽഹി താരങ്ങളാണ്. ജെസ്സ് ജൊനാസനും മരിസന്നെ കാപ്പും. ഇവർക്കൊപ്പം ജമീമ റോഡ്രിഗസ്, ആലീസ് കാപ്‌സി, മിന്നു മണി, ശിഖ പാണ്ഡെ തുടങ്ങിയ മികച്ച താരങ്ങളുടെ നിര ഡൽഹിക്ക് മുതൽക്കൂട്ടാണ്.

കപ്പ് തേടി

കഴിഞ്ഞ സീസണിൽ വെറും 2 ജയം മാത്രമുള്ള നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിടത്ത് നിന്നാണ് ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂ‌ർ ഗംഭീര പ്രകടനങ്ങൾ നടത്തി ഫൈനലിലേക്ക് കുതിച്ചെത്തിയത്. ബാറ്റ് കൊണ്ടും ബാളുകൊണ്ടും നിറഞ്ഞാടുന്ന ഓസീസ് സൂപ്പർ താരം എല്ലിസ് പെറിയാണ് ബാംഗ്ലൂരിന്റെ തുറുപ്പ് ചീട്ട്. പ്ലേ ഓഫിൽ ഉൾപ്പെടെ പെറിയുടെ മികവാണ് ബാംഗ്ലൂരിന്റെ വിജയത്തിൽ നിർണായകമായത്.

ക്യാപ്ടൻ സ്മൃതി മന്ഥന, എസ്.ആശ, ശ്രേയങ്ക പാട്ടിൽ, സോഫി ഡിവൈൻ, റിച്ച ഘോഷ് തുടങ്ങി ഒരുപിടി മികച്ച താരങ്ങളുടെ സാന്നിധ്യവും അവ‌ർക്ക് കരുത്ത് പകരുന്നു. സ്മൃതിയെന്ന ക്യാപ്ടന്റെ ഫീൽഡിലെ തീരുമാനങ്ങളും ബാഗ്ലൂരിന്റെ കുതിപ്പിലെ ചാലക ശക്തിയാണ്.

മല്ലു കണക്ഷൻ

കലാശപ്പോരിനിറങ്ങുന്ന ബാംഗ്ലൂരിന്റെയും ഡൽഹിയുടേയും ടീമുകളിൽ രണ്ട് മലയാളി താരങ്ങൾ നിർണായക സാന്നിധ്യമാണ്. ബാഗ്ലൂരിന്റെ സ്പിൻ വിസാർഡ് തിരുവനന്തപുരംകാരി ശോഭന ആശയും ഡൽഹിയുടെ മിന്നും ഓൾറൗണ്ടർ വയനാട് കാരി മിന്നും മണിയും. സീസണിൽ ആർ.സി.ബിയുടെ ആദ്യമത്സരത്തിൽ യു.പി വാരിയേഴ്സിനെതിരെ ഹാട്രിക്ക് ഉൾപ്പെടെ 5 വിക്കറ്റ് വീഴ്ത്തിയാണ് ആശ വരവറിയിച്ചത്. തുടർന്ന് ബാംഗ്ലൂരിന്റെ സ്ട്രൈക്ക് ബൗളറായ ആശ പ്ലേഓഫിൽ മുംബയ് ഇന്ത്യൻസിനെതിരെ നിർണായകമായ അവസാന ഓവറിൽ ഒരു സമ്മർദ്ദവുമില്ലാതെ എറിഞ്ഞ് ടീമിന് കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തുകൊടുത്തു. സീസണിൽ മൂന്ന് മത്സരങ്ങളിലേ മിന്നുവിന് ഡൽഹി ക്യാപ്ടൻ മെഗ് ലാന്നിംഗ് പന്തെറിയാൻ അവസരം നൽകിയുള്ളൂ. ഗുജറാത്ത് ജയിന്റ്‌സിനെതിരായ ലീഗിലെ ഡൽഹിയുടെ അവസാന മത്സരത്തിൽ 2 ഓവറിൽ 9 റൺസ് മാത്രം നൽകി രണ്ട് വിക്കറ്റ് വീഴ്ത്തി മിന്നു കരുത്ത് കാട്ടി. ഇന്ത്യ എ ടീമിന്റെ ക്യാപ്‌ടനായിരുന്നു മിന്നു ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി താരമാണ്.

മുൻതൂക്കം ഡൽഹിക്ക്

ഈ സീസണിലും കഴിഞ്ഞ സീസണിലും മുഖാമുഖം വന്ന നാല് മത്സരങ്ങളിലും ഡൽഹിക്കായിരുന്നു ജയം. ഇത്തവണ

ലീഗ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ ഡൽഹി 25 റൺസിന്റെ ജയമാണ് നേടിയത്. രണ്ടാം മത്സരത്തിൽ 1 റൺസിന്റെ നാടകീയ ജയവും സ്വന്തമാക്കി.

ലൈവ്

രാത്രി 7.30 മുതൽ ജിയോ സിനിമയും സ്പോർട്സ് 18ലും