
ചെന്നൈ: റുപേ പ്രൈം വോളിബാൾ ലീഗിൽ സൂപ്പർ ഫൈവിലെ നിർണായക മത്സരം നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ച് ബംഗളൂരു ടോർപ്പിഡോസ്. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് മിറ്റിയോഴ്സിനെ 15-13, 16-14, 15-10 നാണ് ബംഗളൂരു കീഴടക്കിയത്. ജിഷ്ണുവാണ് കളിയിലെ താരം. സൂപ്പർഫൈവിൽ നാലുമത്സരങ്ങളും പൂർത്തിയാക്കിയ ബംഗളൂരു രണ്ട് ജയവുമായി നാലുപോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയർന്നു. മുംബയ്ക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ബംഗളൂരുവിന്റെ വിജയത്തോടെ സൂപ്പർ 5ലെ അവസാന മത്സരങ്ങൾ സൂപ്പർ ക്ലൈമാക്സിലേക്കായി.
സൂപ്പർ ഫൈവ് മത്സരങ്ങൾ ഇന്ന് അവസാനിക്കും. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുള്ള കാലിക്കറ്റ് ഹീറോസാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. ഇന്ന് രാത്രി 8.30ന് നടക്കുന്ന അവസാന മത്സരത്തിൽ ഹീറോസ് അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ നേരിടും. ഇന്ന് ജയിച്ചാൽ ഹീറോസിന് ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലിലെത്താം. വൈകിട്ട് 6.30ന് അഞ്ച് പോയിന്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹി തൂഫാൻസ് മുംബയ് മിറ്റിയോഴ്സിനെ നേരിടും. സൂപ്പർ ഫൈവിന് ശേഷം കൂടുതൽ പോയിന്റ് നേടുന്ന ടീമാണ് നേരിട്ട് ഫൈനലിൽ പ്രവേശിക്കുക. രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലുള്ള എലിമിനേറ്റർ മത്സരത്തിലെ വിജയികളായിരിക്കും രണ്ടാം ഫൈനലിസ്റ്റ്. അഹമ്മദാബാദിനും മുംബൈക്കും നിലവിൽ രണ്ട് പോയിന്റ് വീതമുണ്ട്.