pic

ന്യൂയോർക്ക് : ഇസ്ലാമോഫോബിയയ്ക്കെതിരെ ( ഇസ്ലാം വിരുദ്ധത ) ഐക്യരാഷ്ട്ര സംഘടനയുടെ ( യു.എൻ ) പൊതുസഭയിൽ പാകിസ്ഥാൻ അവതരിപ്പിച്ച കരട് പ്രമേയത്തിന്റെ വോട്ടിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. 193 അംഗ സഭയിൽ 115 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യയ്ക്ക് പുറമേ യു.കെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ബ്രസീൽ, യുക്രെയിൻ എന്നിവയടക്കം 43 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ഹിന്ദു, സിഖ്, ബുദ്ധ ഉൾപ്പടെയുള്ള മ​റ്റ് മതത്തിലുള്ളവരും വിവേചനം നേരിടുന്നുണ്ട് എന്നതും അംഗീകരിക്കണമെന്ന് ഇന്ത്യൻ പ്രതിനിധി രുചിര കംബോജ് ചൂണ്ടിക്കാട്ടി. ഇസ്ലാമോഫോബിയ പ്രാധാന്യമർഹിക്കുന്നതാണ്. എന്നാൽ, മ​റ്റ് മതങ്ങൾക്ക് നേരെയുള്ള വിവേചനങ്ങളെ അവഗണിച്ച് ഇസ്ലാമോഫോബിയക്കെതിരെ മാത്രം പ്രവർത്തിക്കുന്നത് അസമത്വമാണ്.

ഇസ്ലാം, ജൂത, ക്രൈസ്തവ മത വിശ്വാസികൾ നേരിടുന്ന എല്ലാതരം വിവേചനങ്ങളെയും അതിക്രമങ്ങളെയും അപലപിക്കുന്നതായും രുചിര വ്യക്തമാക്കി. ഇസ്ലാമോഫോബിയയ്ക്കെതിരെ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്നാണ് പാകിസ്ഥാൻ പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.