ipl

മുംബയ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഇന്ത്യൻ പ്രിമിയിർ ലീഗിന്റെ രണ്ടാം പാദ മത്സരങ്ങൾ യു.എ.യിൽ നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ലീഗിനറെ ചെയർമാൻ അരുൺ ധുമൽ. ഈ സീസണിലെ ഐ.പി.എൽ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റില്ല,​ മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ധുമൽ ഇന്നലെ പി.ടി.ഐയോട് വ്യക്തമാക്കി. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെയുള്ള ഐ.പി.എൽ രണ്ടാം പാദത്തിന്റെ മത്സരക്രമവും വേദികളും ഉടൻപ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.സി.സി.ഐ സെക്രട്ടറി ജയ്ഷായും ഐ.പി.എൽ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് അറിയിച്ചിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇന്ത്യയിൽ തന്നെ ആ സീസണിലെ ഐ.പി.എൽ മത്സരങ്ങളും നടത്തിയിരുന്നു. അത് പോലെ തന്നെ ഇത്തവണയും നടത്തുമെന്നാണ് ജയ് ഷാ പറഞ്ഞത്.

ഐ.പി.എൽ 17-ാം സീസണിലെ ആദ്യ രണ്ട് ആഴ്ചകളിലെ മത്സരക്രമവും വേദിയും നേരത്തേ തന്നെ പുറത്തുവിട്ടിരുന്നു. വോട്ടെടുപ്പ് ദിവസം ഉൾപ്പെടെ പരിഗണിച്ച് ഉടൻ തന്നെ രണ്ടാം പാദത്തിലെ മത്സരക്രമവും വേദികളുടെ വിവരവും പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്.