
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാത്തതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിച്ച് റോസ് അവന്യു കോടതി. 15,000 രൂപയുടെ ബോണ്ടും ഒരു ലക്ഷം രൂപയുടെ ജാമ്യത്തിലുമാണ് ഇളവ്. കേജ്രിവാൾ ഇന്നലെ രാവിലെ കോടതിയിൽ ഹാജരായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിധി ആം ആദ്മിക്കും കേജ്രിവാളിനും ആശ്വാസമാണ്. കേസിൽ ചോദ്യം ചെയ്യുന്നതിന് എട്ടുതവണ ഇ.ഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ കേജ്രിവാൾ ഹാജരായില്ല. ഇതിനെതിരെ ഇ.ഡി കോടതിയെ സമീപിക്കുകയായിരുന്നു. സമൻസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേജ്രിവാൾ നൽകിയ ഹർജി മേൽക്കോടതി തള്ളിയതോടെയാണ് ഇന്നലെ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരായത്.
അതേസമയം കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റുചെയ്ത തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളെ ഏഴു ദിവസം ഇ.ഡി കസ്റ്റഡിയിൽ വിട്ടു.