
ഭൂമിയിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയാണല്ലോ എവറസ്റ്റ്. 8849 മീറ്റർ ഉയരമുള്ള എവറസ്റ്റിനെക്കാൾ വലിയ ഒരു പർവ്വതത്തെ കണ്ടെത്തിയിരിക്കുന്നു. ചൊവ്വാ ഗ്രഹത്തിലെ മദ്ധ്യഭാഗത്തിന് തൊട്ടുതെക്കായി കണ്ടെത്തിയ ഈ അഗ്നിപർവ്വതത്തിന് നോക്‌ടിസ് എന്നാണ് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. 29600 അടി (9022 മീറ്റർ) ആണ്ഈ സജീവ അഗ്നിപർവ്വതത്തിന്റെ ഉയരം.
വളരെയധികം സജീവമായതിനാൽ അഗ്നിപർവ്വത മുഖത്തിന് ഏറെ ശോഷണം സംഭവിച്ചിരുന്നു. അതിനാൽ തന്നെ ഇതൊരു അഗ്നിപർവ്വതമാണെന്ന് മനസിലായത് ഇപ്പോഴാണ്. അഞ്ചര പതിറ്റാണ്ടിലേറെ ചൊവ്വയെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളിൽ പലതും ഈ അഗ്നിപർവതത്തിനെ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴാണ് സ്ഥിരീകരണം ലഭിക്കുന്നത്.
കഴിഞ്ഞവർഷം ഒരു അവശിഷ്‌ട ഹിമാനി കണ്ടെത്തിയ അതേയിടത്താണ് ഇപ്പോൾ അഗ്നിപർവതം ദൃശ്യമായത്. ഇതോടെ ഈ ഭാഗം ഭാവിയിൽ ചൊവ്വയിൽ ഗവേഷണത്തിനും മനുഷ്യരെ വിട്ടുള്ള പരീക്ഷണങ്ങൾക്കും ഉപയോഗിക്കുമെന്ന് ഉറപ്പായി. എവറസ്റ്റിനെക്കാൾ വലുതാണെങ്കിലും ചൊവ്വയിലെ പർവതങ്ങളിൽ ഏഴാം സ്ഥാനം മാത്രമേ നോക്‌ടിസിനുള്ളു. 72000 അടി (21,940മീറ്റർ) നീളമുള്ള ഒളിമ്പസ് ആണ് ഇവിടെ ഏറ്റവും വലുത്.