
മോസ്കോ: റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ദിനമായ ഇന്നലെ പടിഞ്ഞാറൻ നഗരമായ ബെൽഗൊറോഡിൽ യുക്രെയിൻ നടത്തിയ മിസൈലാക്രമണത്തിൽ രണ്ട് മരണം. സമാര മേഖലയിലെ സിസ്റാൻ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണവുമുണ്ടായി. വെള്ളിയാഴ്ച യുക്രെയിനിലെ ഒഡേസയിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു.
വോട്ടെടുപ്പ് ഇന്ന് അവസാനിക്കും
മൂന്ന് ദിവസം നീണ്ട റഷ്യൻ പ്രസിഡന്റ് വോട്ടെടുപ്പ് ഇന്ന് അവസാനിക്കും. ഇന്ന് രാത്രിയോടെ തന്നെ ഫലസൂചനകൾ വന്നുതുടങ്ങും. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഭരണത്തുടർച്ച നേടുമെന്നാണ് വിലയിരുത്തൽ. റഷ്യയിലെമ്പാടും പോളിംഗ് സ്റ്റേഷനുകളിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 29 കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് ഇലക്ടറൽ കമ്മിഷൻ മേധാവി എല്ല പാംഫിലോവ പറഞ്ഞു.