
കൊല്ലം: ഭാര്യ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് ഭർത്താവ് തൂങ്ങിമരിച്ചു. ചവറ പുതുക്കാട് ആർ ആർ നിവാസിൽ രാജേഷിനെയാണ് (43) കഴിഞ്ഞ ദിവസം മടപ്പളളിയിലെ വാടക വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ മാസം മൂന്ന് മുതൽ രാജേഷിന്റെ ഭാര്യ ജിഷയെ കാണാനില്ലായിരുന്നു. തുടർന്ന് ഇയാൾ പരാതി നൽകിയതോടെ ജിഷയ്ക്കായുളള അന്വേഷണം പൊലീസ് നടത്തിവരികയായിരുന്നു.
രാജേഷ് തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി താഴെ വീണെന്നാണ് കരുതുന്നത്. കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കിടക്കുന്ന രാജേഷിനെ മക്കൾ കാണുകയും അച്ഛൻ എഴുന്നേൽക്കുന്നില്ലെന്ന് കുട്ടികൾ അയൽവാസികളെ അറിയിക്കുകയുമായിരുന്നു. വൈകുന്നേരം നാലര മണിയോടുകൂടി രാജേഷിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായെന്നും പൊലീസ് അറിയിച്ചു.
രാജേഷിന് അഞ്ചും മൂന്നും വയസുളള രണ്ട് മക്കളാണ് ഉളളത്. ഇതിനിടെ പൊലീസ് ജിഷയെ ഫോണിൽ ബന്ധപ്പെട്ട് രാജേഷിന്റെ മരണവാർത്ത അറിയിച്ചിരുന്നു. എന്നാൽ കുട്ടികളുടെ ചുമതല ഏറ്റെടുക്കാൻ സാധിക്കില്ലെന്ന് ജിഷ പൊലീസിനെ അറിയിക്കുകയും ചെയ്തു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ ബന്ധുക്കളും തയ്യാറായിരുന്നില്ല. ഒടുവിൽ സുജിത്ത് വിജയൻപിള്ള എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ജെ ആർ സുരേഷ് കുമാർ, എന്നിവരുടെ ഇടപെടലിനെ തുടർന്ന് ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു.