fire

കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ചടയമംഗലം കുന്നുംപുറം സ്വദേശി കലേഷാണ് (23) മരിച്ചത്. ചടയമംഗലം സ്വദേശിയായ സനലിന്റെ ആക്രമണത്തിൽ ഗുരുതര പൊളളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ക‌ൃത്യം ചെയ്തതിന് പിന്നാലെ സനൽ ചടയമംഗലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

സനലിന്റെ ഭാര്യയെ കലേഷ് നിരന്തരമായി ശല്യപ്പെടുത്തിയതിനെ തുടർന്നുണ്ടായ വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സനൽ അതിക്രമിച്ച് കയറി ബക്കറ്റിൽ കൊണ്ടുവന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പെട്രോൾ ഒഴിച്ചതോടെ പ്രാണരക്ഷാർത്ഥം പുറത്തേക്ക് ഓടിയ കലേഷിന്റെ ശരീരത്തിലേക്ക് പ്രതി പന്തത്തിൽ തീകൊളുത്തി എറിയുകയായിരുന്നു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിയോടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കലേഷിനെ ആശുപത്രിയിൽ എത്തിച്ചത്. 80 ശതമാനം പൊള്ളലേറ്റ യുവാവിന്റെ നില അതീവ ഗുരുതരമായിരുന്നു.