
പുട്ട്, ഇഡ്ഡലി, ദോശ, സാമ്പാർ, ചപ്പാത്തി, പൂരി തുടങ്ങിയവയൊക്കെ ആണ് മിക്കവാറും മലയാളി വീടുകളിലെ പ്രഭാത ഭക്ഷണം. പുട്ടിനൊപ്പം പയർ, പപ്പടം, പഴം, കടലക്കറി ഒക്കെയായിരിക്കും കോംബിനേഷൻ. കൂടാതെ മലയാളികളുടെ സദ്യയിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പപ്പടം. എന്നാൽ ഈ പപ്പടം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് ഒന്ന് കണ്ടുനോക്കിയാലോ?
മലയാളികളെപ്പോലെ തന്നെ പപ്പടത്തെ ഏറെ സ്‌നേഹിക്കുന്നവരാണ് വടക്കേ ഇന്ത്യക്കാരും. അവർ പപ്പടത്തെ 'പാപ്പട്' എന്നാണ് വിളിക്കാറ്. എന്നാൽ ഈ പപ്പടം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കണ്ടാൽ നിങ്ങൾക്ക് പിന്നെ കഴിക്കാൻ തോന്നില്ല. 'ദബേക്ക് ഖാവോ' എന്ന ഇൻസ്റ്റഗ്രാം പേജാണ് പപ്പടം തയ്യാറാക്കുന്നതിന്റെ വീഡിയോ പങ്കുവച്ചത്. തീരെ വൃത്തിഹീനമായുള്ള അന്തരീക്ഷത്തിൽ പപ്പടം ഉണ്ടാക്കുന്നതാണ് സമൂഹമാദ്ധ്യമ ഉപഭോക്താക്കളെ ഞെട്ടിക്കുന്നത്.
പപ്പടത്തിനായുള്ള മാവ് ഒരു സ്ത്രീ തയ്യാറാക്കുന്നതാണ് ആദ്യം വീഡിയോയിലുള്ളത്. മസാലകളും പൊടികളും മറ്റ് ചേരുവകളും ചേർത്ത പപ്പടത്തിനുള്ള മാവ് കൈകൊണ്ടാണ് കുഴയ്ക്കുന്നത്. ഇത് ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റി ചൂടാക്കിയെടുക്കുന്നു. പപ്പടത്തിന്റെ വലിയ ഷീറ്റുകൾ വലിയൊരു കെട്ടാക്കി വച്ച് അതിനുമുകളിൽ ചെറിയ വട്ടത്തിലെ പാത്രം വച്ച് അതിനുമുകളിൽ കയറി നിന്ന് പപ്പടം ചെറുകഷ്ണങ്ങളാക്കുന്നതും കാണാം. ശേഷം ചെറിയ വട്ടത്തിൽ ലഭിച്ച പപ്പടങ്ങൾ സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പപ്പടം ഉണ്ടാക്കുന്നതിനെ നിരവധിപേരാണ് വിമർശിക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ ലഭിക്കുന്ന ഫാസ്റ്റ് ഫുഡ്ഡിനേക്കാൾ ഭേദമെന്ന് മറ്റ് ചിലരും അഭിപ്രായപ്പെടുന്നു.