
കാസർകോട്: 'പാർട്ടി മാറിയതിന് എന്നെ 'കുത്താൻ' വന്നാൽ തിരിച്ച് 10 കുത്ത് ഞാനും കുത്തു'മെന്ന് പത്മജ വേണുഗോപാൽ. രണ്ടു വർഷം കൂടി കഴിഞ്ഞാൽ കോൺഗ്രസിന്റെ കഥ തീരുമെന്നും തനിക്കു പിന്നാലെ ബി.ജെ.പിയിലേക്ക് ആളുകളുടെ ഒഴുക്കായിരിക്കുമെന്നും കരഘോഷങ്ങൾക്കിടെ അവർ പറഞ്ഞു. കാസർകോട് മുൻസിപ്പൽ ടൗൺ ഹാളിൽ എൻ.ഡി.എ പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പത്മജ.
'ആ പാർട്ടിയിൽ നിന്ന് ചവിട്ടും കുത്തും സഹിക്കാൻ കഴിയാതെയാണ് താൻ കോൺഗ്രസ് വിട്ടത്. മൂന്ന് കൊല്ലമായി ആലോചിച്ചെടുത്ത തീരുമാനമാണിത്. ബി.ജെ.പിയിൽ ചേർന്നതിന് സോഷ്യൽ മീഡിയയിൽ പടം വച്ച് മണിയടിച്ചു നടക്കുന്ന ചരിത്രം അറിയാത്ത പിള്ളേരാണ് എന്നെ ചെറിയാൻ വരുന്നത്. എന്തുകൊണ്ട് ബി.ജെ.പി എന്ന് ചോദിക്കുന്നവരോട് ഒറ്റയുത്തരം മാത്രമാണ് പറയാനുള്ളത് -അത് മോദിജി എന്നാണ്. മോദിജിക്ക് കുടുംബം ഭാരതമാണ്. ഇവിടത്തെ കുട്ടികൾ അദ്ദേഹത്തിന്റെ മക്കളാണ്.
അച്ഛൻകുട്ടിയായി കരുണാകരന്റെ വാത്സല്യം കേട്ടുവളർന്ന എനിക്ക് ഒരു അച്ഛന്റെ തണലും സംരക്ഷണവും കിട്ടിയത് പോലെയാണ് ഇപ്പോൾ തോന്നുന്നത്. മുകളിൽ ഇരുന്ന് അച്ഛൻ എന്നെ അനുഗ്രഹിക്കുന്നുണ്ടാകും. വികസനം ഏറെയുണ്ടാക്കിയ ആ അച്ഛന്റെ മകളാണ് ഞാൻ. കോൺഗ്രസ് പിരിച്ചുവിടണമെന്നും രാജ്യത്തിന്റെ വികസനത്തിന് വേറെ പാർട്ടി ഉണ്ടാകണമെന്നും അച്ഛനും സ്വകാര്യ സംഭാഷണത്തിൽ തന്നോട് പറഞ്ഞിരുന്നു. ഇതൊന്നും തന്റെ ചേട്ടന് അറിയില്ല. സഹോദര സ്നേഹം ഉണ്ടെങ്കിലും രാഷ്‌ടീയത്തിൽ ശത്രുപക്ഷത്ത് തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനം. എന്നെ കാലുവാരി തോൽപിച്ച ശത്രുക്കളാണ് ഇരുഭാഗത്തുമെന്നും ഏട്ടൻ മനസിലാക്കുന്നില്ല. ചതിയുടെ കുഴിയിലിലാണ് അദ്ദേഹം നിൽക്കുന്നത്. ഏട്ടന്റെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു' -പത്മജ പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം സി.കെ പദ്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ഡി.എ മണ്ഡലം കൺവീനർ ഗണേഷ് പാറക്കട്ട സ്വാഗതം പറഞ്ഞു. സ്ഥാനാർത്ഥി എം.എൽ അശ്വിനി, നേതാക്കളായ കെ. രഞ്ജിത്ത്, അഡ്വ. കെ. ശ്രീകാന്ത്, സന്തോഷ്, വിജയകുമാർ റൈ തുടങ്ങിയവർ പ്രസംഗിച്ചു. കാസർകോട് നഗരത്തിൽ റോഡ് ഷോയും നടത്തി.