
ജോലി എത്ര വലുതോ ചെറുതോ ആയാലും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം കൃത്യമായി മാറ്റി വയ്ക്കുന്നതിലൂടെ ഭാവി ജീവിതം കൂടുതൽ സുരക്ഷിതമാക്കാൻ എല്ലാവർക്കും സാധിക്കും. ഇതിന് സഹായകമായി തപാൽ വകുപ്പിന്റേതടക്കം നിരവധി നിക്ഷേപ പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട്. ചെറിയ തുക നിക്ഷേപിച്ച് നിശ്ചിത സമയം കൊണ്ട് മികച്ച നേട്ടം സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാൻ (എസ്‌ഐപി) എന്താണെന്ന് അറിഞ്ഞാൽ മതി.
എസ്‌ഐപിയിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലൂടെ വ്യക്തികൾക്ക് ഭാവി ജീവിതം കൂടുതൽ സുരക്ഷിതമാക്കാം.
നൂറ് രൂപ മുതൽ പ്രതിദിനം എത്ര വലിയ തുകയും നിക്ഷേപിച്ച് മികച്ച ലാഭം ഈ പദ്ധതിയിലൂടെ സ്വന്തമാക്കാവുന്നതാണ്. പ്രത്യേകിച്ച് സമയപരിധിയില്ലാത്തതിനാൽ നിക്ഷേപകന് എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാവുന്നതാണ്. അക്കൗണ്ട് ഉടമ എത്ര വർഷം വരെ നിക്ഷേപ തുക അക്കൗണ്ടിൽ നിലനിർത്തുന്നത് എന്നതിനെ അടിസ്ഥാനമാക്കി ഒരു നിശ്ചിത തുക ഈ പദ്ധതിയിലൂടെ ലഭിക്കുന്നതാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അക്കൗണ്ട് ഉടമകൾക്ക് അവരുടെ ആകെ നിക്ഷേപ തുകയുടെ 12 ശതമാനം വരെ പ്രതിവർഷം അധികമായി എസ്‌ഐപിയിലൂടെ സ്വന്തമാക്കാവുന്നതാണ്.
പ്രതിദിനം നിങ്ങൾ 200 രൂപയാണ് എസ്‌ഐപിയിൽ നിക്ഷേപിക്കുന്നതെങ്കിൽ 15, 20, 25 വർഷം കൊണ്ട് നിങ്ങളുടെ അക്കൗണ്ടിലെത്താൻ പോകുന്ന വരുമാനം എത്രയൊക്കെയാണെന്ന് നോക്കാം.
15 വർഷം കൊണ്ട് ലഭിക്കുന്നത്
എസ്‌ഐപിയുടെ 15 വർഷത്തെ നിക്ഷേപ നിങ്ങൾ ചേരുന്നതെങ്കിൽ പ്രതിദിനം 200 രൂപ നിക്ഷേപത്തിലൂടെ പ്രതിവർഷം ആകെ തുകയുടെ 12 ശതമാനം തിരികെ ലഭിക്കും. 15 വർഷം ഇത്തരത്തിൽ നിക്ഷേപിക്കുകയാണെങ്കിൽ ആകെ നിക്ഷേപ തുക 10.8 ലക്ഷമാകും. എന്നാൽ എസ്‌ഐപി അനുസരിച്ച് ഉപയോക്താവിന് ലഭിക്കുന്ന ആകെ തുക 19.50 ലക്ഷമാകും.അതേസമയം, മെച്യൂരിറ്റി തുക 30.3 ലക്ഷവുമാകും.
20 വർഷത്തേക്കുളള നിക്ഷേപം
ഈ കാലയളവിൽ നിങ്ങൾ പ്രതിദിനം 200 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 20 വർഷത്തിനുളളിൽ നിങ്ങളുടെ മൊത്ത നിക്ഷേപം 14.4 ലക്ഷമാകും. 20 വർഷത്തിന് ശേഷം നിങ്ങളുടെ മെച്യൂരിറ്റി തുക 59.9 ലക്ഷമായി മാറും.
25 വർഷത്തേക്കുളള നിക്ഷേപം
ഈ പദ്ധതിയിലൂടെ നിങ്ങൾക്ക് കോടീശ്വരനാകാം. പ്രതിദിനം 200 രൂപ നിക്ഷേപത്തിലൂടെ 25 വർഷം കൊണ്ട് മൊത്ത തുക 18 ലക്ഷമാകും. 12 ശതമാനം നിരക്കിൽ നിങ്ങൾക്ക് ആകെ 95.9 ലക്ഷം ലഭിക്കും. ഇതോടെ മെച്യൂരിറ്റി തുക 1.1 കോടിയാകും. 25-ാം വയസിലാണ് നിങ്ങൾ ഈ പദ്ധതിയിൽ ചേരുന്നതെങ്കിൽ 50-ാം വയസിൽ കോടീശ്വരനാകാനുളള ഭാഗ്യം ലഭിക്കും.