1

പ്രായഭേദമില്ലാതെ പ്രമേഹം എല്ലാവരെയും ബാധിച്ചുകൊണ്ടിരിക്കുന്ന കാലത്ത് പഞ്ചസാരയോ മധുരമടങ്ങിയ സാധനങ്ങളോ കഴിക്കാൻ പലർക്കും ഭയമാണ്. അസുഖമില്ലാത്തവരുടെ അവസ്ഥ ഇതാണെങ്കിൽ പ്രമേഹ രോഗികളുടെ കാര്യം പറയണ്ടല്ലോ. മനസിൽ ആഗ്രഹമുണ്ടെങ്കിലും മധുരം അവർക്ക് നിർബന്ധിതമായി ഒഴിവാക്കേണ്ടി വരുന്നു. എന്നാൽ, ഇങ്ങനെ മധുരം കഴിക്കാൻ ആഗ്രഹമുണ്ടാവുമ്പോൾ നിങ്ങൾക്ക് കഴിക്കാൻ പറ്റിയ കുറച്ച് പഴങ്ങളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഇവ മിതമായ അളവിൽ മാത്രം കഴിക്കണം എന്ന കാര്യം മറക്കരുത്. ഈ പഴങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. അവക്കാഡോ (വെണ്ണപ്പഴം)

ക്രീം രൂപത്തിലുള്ള അവക്കാഡോ രുചിയിൽ മാത്രമല്ല, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വളരെ നല്ലതാണ്. പഞ്ചസാരയുടെ അളവ് അവക്കാഡോയിൽ വളരെ കുറവാണ്. ഇതിൽ ധാരാളം ആരോഗ്യപ്രദമായ കൊഴുപ്പ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകളായ ഇ, കെ, സി എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.

2. റാസ്‌ബെറി

ഒരു കപ്പ് റാസ്‌ബറിയിൽ ഏകദേശം അഞ്ച് ഗ്രാം പഞ്ചസാര മാത്രമാണ് അടങ്ങിയിട്ടുള്ളത്. നാരുകൾ, വിറ്റാമിൻ സി, മാംഗനീസ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. സലാഡുകളിലോ തൈരിലോ സ്‌മൂത്തിയിലോ ചേർത്ത് രുചികരമായി കഴിക്കാവുന്നതാണ്.

3. ബ്ലാക്ക്‌ബെറി

ബ്ലാക്ക്‌ബെറിയിൽ പഞ്ചസാര വളരെ കുറവാണ്. നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രഭാത ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് വളരെ നല്ലതാണ്.

health

4. സ്ട്രോബെറി

സ്ട്രോബെറി നല്ല മധുരമുള്ള പഴമാണെങ്കിലും മറ്റുള്ളവയെ അപേക്ഷിച്ച് ഇതിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. വിറ്റാമിൻ സി, മാംഗനീസ്, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയും സ്ട്രോബെറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

5. തണ്ണിമത്തൻ

നല്ല രീതിയിൽ മധുരം ഉണ്ടെങ്കിലും തണ്ണിമത്തനിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. വേനൽക്കാലത്ത് ശരീരത്തിലെ താപനില കുറച്ച് വേണ്ട ജലാംശം നിലനിർത്താൻ തണ്ണിമത്തൻ കഴിക്കുന്നതിലൂടെ സാധിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ എ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

6. പീച്ച്

വിറ്റാമിൻ എ, സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് പീച്ച്. ഇവ സലാഡുകളിലോ സ്മൂത്തികളിലോ മധുരപലഹാരങ്ങളിലോ ഉൾപ്പെടുത്തി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

7. ആപ്രിക്കോട്ട്

വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ തുടങ്ങിയവ ആപ്രിക്കോട്ടിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പഞ്ചസാരയുടെ അളവ് വളരെ കുറവാണെങ്കിലും നല്ല മധുരമുണ്ട് ഇവയ്‌ക്ക്. ഡ്രൈ ആയിട്ടുള്ളതോ ആപ്രിക്കോട്ട് പഴമായോ നിങ്ങൾക്കിത് കഴിക്കാവുന്നതാണ്.