
കൊച്ചി: ആലുവ നഗരമദ്ധ്യത്തിൽ വച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും ഇടയിൽ വച്ചാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് യുവാവ് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് സംഘം ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ട് പോയത്. സംഭവം കണ്ട ഓട്ടോ ഡ്രൈവർമാർ പൊലീസിനെ വിവരം അറിയിച്ചതോടെ അന്വേഷണം നടത്തിയെങ്കിലും ആരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്നും ആരാണ് തട്ടിക്കൊണ്ടുപോയതെന്നും വ്യക്തമല്ല. നഗരത്തിലെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഇന്നോവ കാറിലാണ് സംഘം എത്തിയത്. അടുത്തിടെയും നഗരത്തിൽ സമാന സംഭവം അരങ്ങേറിയിരുന്നു. തുടർന്ന് തട്ടിക്കൊണ്ടുപോയ വ്യക്തിയെ ആലപ്പുഴയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.