
ലാ ലിഗയിൽ റയൽ മാഡ്രിഡ് 4-2ന് ഒസാസുനയെ തോൽപ്പിച്ചു
10 പോയിന്റ് വ്യത്യാസത്തിൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത്
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലുഗോളുകൾക്ക് ഒസാസുനയെ കീഴടക്കിയ റയൽ മാഡ്രിഡ് പത്തുപോയിന്റ് വ്യത്യാസത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി.
ഒസാസുനയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ വിനീഷ്യസ് ജൂനിയറും ഓരോ ഗോളടിച്ച ഡാനി കർവഹായലും ബ്രാഹിം ഡയസും ചേർന്നാണ് റയലിന് ജയമൊരുക്കിയത്. നാലാം മിനിട്ടിൽ വിനീഷ്യസിലൂടെയാണ് റയൽ ഗോളടി തുടങ്ങിയത്. എന്നാൽ ഏഴാം മിനിട്ടിൽ ആന്ദ്ര ബുദിമുറിലൂടെ ഒസാസുന തിരിച്ചടിച്ചു. 18-ാം മിനിട്ടിൽ കർവഹായൽ സ്കോർ ചെയ്തതോടെ റയൽ വീണ്ടും മുന്നിലെത്തി. 61-ാം മിനിട്ടിൽ ബ്രാഹിം ഡയസും 64-ാം മിനിട്ടിൽ വിനീഷ്യസും റയലിന്റെ പട്ടിക പൂർത്തിയാക്കി. ഇൻജുറി ടൈമിൽ ഐകർ മുനോസാണ് ഒസാസുനയുടെ രണ്ടാം ഗോൾ നേടിയത്.
29 മത്സരങ്ങളിൽ നിന്ന് 72 പോയിന്റാണ് റയലിന് ഇപ്പോഴുള്ളത്. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 62 പോയിന്റുള്ള ജിറോണയാണ് രണ്ടാം സ്ഥാനത്ത്. സീസണിന്റെ തുടക്കത്തിൽ പട്ടികയിൽ ഒന്നാമതായിരുന്ന ജിറോണ പതിയെ പിറകോട്ടുപോവുകയായിരുന്നു. 28 മത്സരങ്ങളിൽ നിന്ന് 61 പോയിന്റുള്ള ബാഴ്സലോണയാണ് മൂന്നാമത്.