
പാലക്കാട് ജില്ലയിലെ പെരുവെമ്പ് വേമ്പത്ത് മഹാദേവ ക്ഷേത്രത്തിൽ നിന്ന് പതിനൊന്നാം നൂറ്റാണ്ടിലെ ശിലാ ലിഖിതം കണ്ടെത്തി. ഒരു കാലത്ത് മഹാക്ഷേത്രമായിരുന്ന ഇവിടേയ്ക്ക് ദാനം കൊടുത്ത വിഷയമാണ് വട്ടെഴുത്ത് ലിഖിതത്തിൽ ഉള്ളത്. ക്ഷേത്ര വാര്യർ ആയ ഉണ്ണി വാര്യർ മുഖേന, ചരിത്രകാരനായ സായ് നാഥ് മേനോൻ ആണ് മൂന്ന് കൊല്ലം മുന്നേ ഈ ലിഖിതം കണ്ടെത്തിയത്.
കാലത്തിന്റെ കുത്തൊഴുക്കിൽ ലിഖിതത്തിന്റെ പകുതിയോളം ഭാഗം മാഞ്ഞു പോയിട്ടുമുണ്ട്. ഈ ലിഖിതത്തിന്റെ വിഷയം കോയമ്പത്തൂരിലുള്ള യാക്കൈ ചരിത്ര ഗവേഷണ സംഘടനയിലെ ചരിത്രകാരന്മാരെ അറിയിക്കുകയും, അവർ ഈ ലിഖിതം തേടി വരികയും അതെ പറ്റി ഗവേഷണത്തിന് തുടക്കമിടുകയും ചെയ്തിരുന്നു. യാക്കൈ സംഘത്തിലെ ചരിത്രകാരന്മാരും കേരളത്തിലെ പ്രമുഖ ചരിത്രകാരനും എപിഗ്രാഫിസ്റ്റുമായ ഇ സന്തോഷും(ഗവേഷകൻ, ചരിത്ര വിഭാഗം, ശ്രീ ശങ്കരാചര്യ സംസ്കൃത യൂണിവേഴ്സിറ്റി കാലടി)ചേർന്നാണ് ഈ ലിഖിതം വായിച്ചത്. പതിനെട്ട് വരികൾ ആയിട്ടുള്ള ലിഖിതത്തിന്റെ ഉള്ളടക്കം താഴെ കൊടുക്കുന്നു.
ചേര പെരുമാൾ ആയിരുന്ന ഇരവി കോതയുടെ ആറാമത് ഭരണ കാലത്ത് ( AD 1027) ഒരു ഭക്തൻ ( പേര് വ്യക്തമാകുന്നില്ല ) പെരുവെമ്പ് പെരും തേവർക്ക് തിരുവാതിരയ്ക്ക്, കെടാ വിളക്കിനും നേദ്യത്തിനും ആയി 107 കഴഞ്ച് ( 428 ഗ്രാം) പൊൻ പണം വഴിപാടായി കൊടുത്തു എന്നും, അത് ലംഘനം കൂടാതെ തുടർന്ന് പോരണം എന്നുമാണ് ലിഖിതത്തിൽ പറയുന്നത്.
കാർഷിക സംസ്കാരവുമായും മറ്റും ബന്ധപ്പെട്ട ചില വാചകങ്ങൾ കൂടി അതിൽ ഉണ്ട്,പക്ഷേ അപൂർണമായതിനാൽ അതെല്ലാം വായിച്ചെടുക്കാൻ സാധിച്ചിട്ടില്ല. ഇതിൽ നിന്ന് നാം മനസിലാക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, ആയിരം വർഷങ്ങൾക്ക് മുന്നേ തന്നെ പെരുവെമ്പ് വേമ്പത്ത് മഹാദേവ ക്ഷേത്രം പ്രസിദ്ധമായിരുന്നു എന്നും അവിടെ നന്നായി തന്നെ നിത്യ നിദാനം നടന്നു പോന്നിരുന്നു എന്നും അവിടെ തിരുവാതിര കേമം ആയിരുന്നു എന്നും ആണ്. ക്ഷേത്ര ഊരാളരായ പെരുവെമ്പിലെ മന്നാട്ടിൽ തറവാട്ടുകാരാണ് ക്ഷേത്രത്തിലെ നിത്യ നിദാന കാര്യങ്ങൾ നിർവഹിച്ച് പോകുന്നത്.