
പാലക്കാട്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. മുതുമല അഴകത്തുമന ദാമോദരൻ നമ്പൂതിരിയാണ് മരിച്ചത്.
ഇന്ന് രാവിലെ പത്തരയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. പാളം മുറിച്ച് കടക്കുന്നതിനിടെ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഇടിക്കുകയായിരുന്നു. മുതുമല എയുപി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനാണ് ദാമോദരൻ നമ്പൂതിരി.
വന്ദേഭാരത് ട്രെയിനിന് ശബ്‌ദം കുറവായത് കാരണവും അതിവേഗത്തിൽ ചീറിപ്പാഞ്ഞ് പോകുന്നതും കാരണം നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതലും പശുക്കളെയാണ് വന്ദേഭാരത് ട്രെയിൻ ഇടിച്ചിട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം മീററ്റിൽ വന്ദേഭാരത് ഇടിച്ച് അമ്മയും രണ്ട് മക്കളും മരിച്ചിരുന്നു. കങ്കർരേഖ സ്വദേശി നരേഷിന്റെ ഭാര്യ മോന (40), മക്കളായ മനീഷ (14), ചാരു (7) എന്നിവരാണ് മരിച്ചത്.
റിക്ഷാ തൊഴിലാളിയാണ് നരേഷ്. കസാമ്പൂരിലെ അടച്ചിട്ടിരുന്ന റെയിൽവേ ക്രോസ് കുടുംബം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. സംഭവ സമയത്ത് നരേഷ് മദ്യപിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. നിസാര പരിക്കുകളോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് കുടുംബത്തെ ഇടിച്ചത്.