തൊടുപുഴ: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാർത്ഥികളെ തടഞ്ഞുവെച്ച് മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആലക്കോട് സ്വദേശികളായ വെള്ളിലാംചോട്ടിൽ ഫൈസൽ (29), പൂക്കോളായിൽ വീട്ടിൽ ജിതിൻ ജോസഫ് (27) എന്നിവരെയാണ് തൊടുപുഴ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24നായിരുന്നു കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ നിർമല കോളേജിലെ വിദ്യാർത്ഥികൾ തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന വടംവലി മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ഇതിൽ ഒരു വിദ്യാർത്ഥിനിയും സുഹൃത്തുകളും മങ്ങാട്ടുകവലയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി. അടുത്ത മേശയിലിരുന്ന നാല് യുവാക്കൾ പെൺകുട്ടിയോട് മോശമായി പെറുമാറിയതിനെ തുടർന്ന് തർക്കവും ഉന്തുതള്ളും ഉണ്ടായി. പെൺകുട്ടിയുടെ സുഹൃത്ത് ഒരാളുടെ കരണത്തടിക്കുകയും ചെയ്തു. തുടർന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥികളെ ഇവർ വീണ്ടും മർദ്ദിച്ചു. പ്രതികളിലൊരാൾ കത്തി വീശി വിദ്യാർത്ഥികളിലൊരാൾക്ക് പരിക്കേറ്റു. തുടർന്ന് പ്രതികൾ നാലുപേരും മുങ്ങി. കേസിലെ മറ്റു രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ നടന്നുവരികയാണെന്ന് തൊടുപുഴ എസ്.എച്ച്.ഒ എസ്. മഹേഷ് കുമാർ പറഞ്ഞു. എസ്‌.ഐമാരായ ഹരീഷ്, നജീബ്, സി.പി.ഒമാരായ ഷബിൻ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.