മാനന്തവാടി: ഇൻഷുറൻസ് തുക കിട്ടാനായി സ്വന്തം സൂപ്പർ മാർക്കറ്റ് കത്തിച്ച സംഭവത്തിൽ കടയുടമ അറസ്റ്റിലായി. വാളാട് കോത്തറ റൗഫ് ( 29 ) ആണ് അറസ്റ്റിലായത്. തലപ്പുഴയിലെ ഗ്രാൻഡ് സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു റൗഫ്. ഫെബ്രുവരി രണ്ടിന് പുലർച്ചെയാണ് സുപ്പർ മാർക്കറ്റിന് തീപിടിച്ചത്. മാനന്തവാടി, കൽപ്പറ്റ എന്നിവിങ്ങളിൽ ഫയർഫോഴ്സ് എത്തിയാണ് പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തീ അണച്ചത്. അടുത്ത കെട്ടിടങ്ങളിലേക്ക് തീപ്പടരാതെ പെട്ടെന്ന് തീ അണച്ചത് വൻ ദുരന്തമാണ് ഒഴിവാക്കിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തികനഷ്ടവും ഇൻഷുറൻസ് തുക ലഭിക്കുന്നതിനും വേണ്ടിയാണ് സൂപ്പർ മാർക്കറ്റ് കത്തിച്ചതെന്ന് ഉടമ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. നല്ല നിലയിൽ കച്ചവടം ഉണ്ടായിരുന്ന സ്ഥാപനം അടുത്തിടെ വലിയ സാമ്പത്തിക നഷ്ടത്തിലായിരുന്നു. ഇതേ തുടർന്നാണ് ഉടമ ഇത്തരമൊരു കൃത്യത്തിലേക്ക് മുതിരുന്നത്. തീപിടുത്തം ഉണ്ടായ തൊട്ടടുത്ത ദിവസം തന്നെ പരസ്പരം വിരുദ്ധമായ രീതിയിലാണ് ഇദ്ദേഹം തീപിടുത്തത്തെക്കുറിച്ച് അവതരിപ്പിച്ചിരുന്നത്. ഇതുതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഉടമ കുറ്റം സമ്മതിക്കുകയും ചെയ്തു. കേസന്വേഷണത്തിൽ തലപ്പുഴ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അരുൺ ഷാ, എസ്.ഐ വിമൽ ചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ കെ.എസ് ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ്ചെയ്തു.