
തോൽക്കാൻ മനസില്ലെങ്കിൽ വിധിക്കെന്നല്ല, ലോകത്താർക്കും നമ്മളെ തളർത്താനാവില്ലെന്ന് തെളിയിക്കുകയാണ് കിളിമാനൂർ സ്വദേശിനി രഞ്ജിനി. ചെറുകാരം സ്വപ്നക്കൂട് വീട്ടിൽ ശിവരാജൻ - ശാന്തമ്മ ദമ്പതികളുടെ ഇളയ മകൾ രഞ്ജിനിക്ക് ചലനശേഷി ദുർബലമാകുന്ന സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന അസുഖമായിരുന്നു. ഗർഭാവസ്ഥയിൽ തന്നെയുണ്ടായ രോഗം ജനനശേഷമാണ് തിരിച്ചറിഞ്ഞത്.
ചികിത്സകളെല്ലാം പരാജയപ്പെട്ടതോടെ പന്ത്രണ്ടാം വയസിൽ ചലനശേഷി നഷ്ടപ്പെട്ടു. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയ്ക്കും രഞ്ജിനി ഒരു ചോദ്യചിഹ്നമായെങ്കിലും കിടക്കയിൽ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങാനുള്ളതല്ല തന്റെ ജീവിതമെന്ന് കാണിച്ചു കൊടുക്കുകയായിരുന്നു പിന്നീടങ്ങോട്ട് രഞ്ജിനി. ദുർബലമെന്ന് വിധിയെഴുതിയ കൈകൾ സർഗാത്മകതയുടെ മറ്റൊരു ലോകം തീർത്തു.
പൂക്കൾ, ഫ്ലവർ വെയ്സ്, മാല, കമ്മൽ എന്നിങ്ങനെ പലതും അവളുണ്ടാക്കി. ഭിന്നശേഷിക്കാരുടെ കൂട്ടായ്മയെക്കുറിച്ച് അറിഞ്ഞതോടെ അവരിൽനിന്ന് പേപ്പർ പേനയെന്ന ആശയം ഉടലെടുത്തു. റീഫില്ലർ ഒഴികെയുള്ള പേനയുടെ എല്ലാ ഭാഗങ്ങളും പേപ്പർ കൊണ്ട് നിർമ്മിച്ച്, അതിനുള്ളിൽ പച്ചക്കറി വിത്തുകൾ നിക്ഷേപിച്ചു. ഇത്തരം പേനകൾ ഉപയോഗശേഷം വലിച്ചെറിയുമ്പോൾ പ്രകൃതി മലിനീകരണം ഒഴിവാക്കുന്നു. പേപ്പർ പേനയോടൊപ്പം വീടുകളിൽ അലങ്കാരമായി തൂക്കുന്ന നെറ്റിപ്പട്ടങ്ങളും നിർമ്മിക്കുന്നുണ്ട്. രഞ്ജിനിക്ക് മികച്ച സംരംഭകയ്ക്കുള്ള അഗ്രത 2023 അവാർഡ് കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. പ്രതിസന്ധികളെല്ലാം അസ്‌തമിച്ചുവെന്ന് കരുതുന്നവർക്ക് മാതൃക കൂടിയാണ് വീൽ ചെയറിൽ കഴിയുന്ന രഞ്ജിനി.