ib

ആലപ്പുഴ: ചാരായം കുപ്പികളിൽ നിറച്ച് സ്കൂട്ടറിൽ കറങ്ങി വിൽപ്പന നടത്തിവന്ന യുവാവിനെ എക്സൈസ് പിടികൂടി. കാർത്തികപ്പള്ളി കുമാരപുരം താമല്ലാക്കൽ വടക്ക് വീരാൻ പറമ്പിൽ ഷാജി ബോൺസലെയാണ് (35) അറസ്റ്റിലായത്. കെ.വി ജെട്ടി റോഡിൽ ആലുംമൂട്ടിൽ പലചരക്ക് കടയുടെ മുൻവശത്ത് വച്ച് സ്കൂട്ടറിൽ ഒരു ലിറ്ററിന്റെ 32 പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച ചാരായവുമായി വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥനായ സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫിസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ അജിത്ത് കുമാറും സംഘവുമാണ് ഷാജിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 2400 രൂപയും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഷാജിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിനുവെന്നയാളെ രണ്ടാം പ്രതിയാക്കിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല . എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫിസർ സുരേഷ്.ആർ, സിവിൽ എക്സൈസ് ഡ്രൈവർ വർഗീസ് എന്നിവർ പങ്കെടുത്തു.