
ആലപ്പുഴ: എൽ.ഡി.എഫ് കുടുംബയോഗത്തിൽ പങ്കെടുക്കാൻ അനുവാദം നൽകിയില്ലെന്നാരോപിച്ച് കെ.എസ്.ഇ.ബി ഇടതു സംഘടനയിൽപ്പെട്ട ജീവനക്കാർ അസി. എക്സിക്യുട്ടീവ് എൻജിനിയറെ ഓഫീസിൽ കയറി മർദ്ദിച്ചു. ആലപ്പുഴ എസ്.എൽ പുരം എ.എക്സ്.ഇ കെ.രാജേഷ് മോൻ ആണ് മർദ്ദനമേറ്റതിനെതുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ഇലക്ട്രിസിറ്റി വർക്കേഴ്‌സ് അസോസിയേഷൻ അംഗങ്ങളായ സബ് എൻജിനിയർ, ഓവർസിയർ, ലൈൻമാൻ തുടങ്ങിയവർ സംഘം ചേർന്ന് അക്രമിച്ചതെന്ന് രാജേഷ് മോൻ മാരാരിക്കുളം പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
കെ.എസ്.ഇ.ബി കലവൂർ സെക്ഷനിലെ സബ് എൻജിനിയർ ഉൾപ്പെടെ പതിനേഴോളം പേരാണ് കുടുംബസംഗമത്തിനായി അവധി അപേക്ഷ സെക്ഷൻ എ.ഇക്ക് നൽകിയത്. എ.ഇ അപേക്ഷകൾ രാജേഷ് മോന് കൈമാറി. പരീക്ഷാകാലവും, ചൂട് സമയവും ആയതിനാൽ ഒരുമിച്ച് അവധിയെടുക്കരുതെന്ന് രാജേഷ് മോൻ സബ് എൻജിനിയറോട് ഫോണിൽ പറഞ്ഞിരുന്നു. തുടർന്ന്, കുടുംബയോഗത്തിൽ പങ്കെടുത്ത ശേഷമെത്തിയ കലവൂർ ഓവർസിയർ സിബുമോൻ, സഞ്ജയ് നാഥ്, രഘുനാഥ്, ചന്ദ്രൻ എന്നിവർ ഇക്കാര്യം സംബന്ധിച്ച് രാജേഷുമായി വാക്കേറ്റമുണ്ടായി. തുടർന്ന്, രണ്ട് പേർ പിറകിൽ നിന്ന് തന്നെ പിടിച്ചുവയ്ക്കുകയും, മറ്റു രണ്ട് പേർ മർദ്ദിക്കുകയുമായിരുന്നുവെന്ന് രാജേഷിന്റെ പരാതിയിൽ പറയുന്നു.