
തഴവ: കരുനാഗപ്പള്ളി മേഖലയിൽ രാത്രികാല മോഷണങ്ങളും മോഷണശ്രമങ്ങളും വ്യാപകമാകുന്നു. കുഞ്ഞദിവസം തഴവ മണപ്പള്ളിവടക്ക് സജി നാമൻസിൽ (കൈതവന ) സൈനു ലാബുദ്ദീന്റെ വീട്ടിൽ നിന്ന് 6 പവൻ സ്വർണാഭരണങ്ങളും പതിനയ്യായിരം രൂപയും മോഷ്ടാക്കൾ കവർച്ച ചെയ്തു. കൂടാതെ മണപ്പള്ളി വടക്ക് കുറ്റിയിൽ പടീറ്റതിൽ അബ്ദുൾകഹാർ ,മണപ്പള്ളി വടക്ക് പുത്തൻപുരയിൽ ഷാനവാസ് ,ചക്കാലയിൽ വീട്ടിൽ അഷറഫ് എന്നിവരുടെ വീടുകൾക്കുള്ളിൽ മോഷ്ടാക്കൾ കടന്നെങ്കിലും കവർച്ച നടന്നില്ല. വെളുപ്പിന് 3നും 4നും ഇടയിലാണ് മോഷണങ്ങൾ നടന്നത്. വീടിന്റെ പിൻവാതിൽ കട്ടപ്പാര ഉപയോഗിച്ച് ഇളക്കിയ ശേഷമാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു .താലുക്കിൽ കുലശേഖരപുരം ,തഴവ ,തൊടിയൂർ പഞ്ചായത്തുകളിലെ നിരവധി ക്ഷേത്രങ്ങളിൽ കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ മോഷണ ശ്രമങ്ങൾ നടന്നതായി പരാതികളുണ്ട്. വ്യാപകമായ മോഷണങ്ങളും മോഷണശ്രമങ്ങളും നിയന്ത്രിക്കുന്നതിന് പൊലീസ് രാത്രി കാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.