
ന്യൂഡൽഹി: ' ഞാൻ സ്വർഗത്തിലാണ്. ഇവിടെ നന്നായി ആസ്വദിക്കുകയാണ്. ഞാൻ ഉടൻ പുറത്തുവരും...' പറയുന്നത് ഒരു കൊലക്കേസ് പ്രതി. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബറേലി സെൻട്രൽ ജയിലിനുള്ളിൽ നിന്ന് സമൂഹ മാദ്ധ്യമത്തിൽ ലൈവായി പ്രത്യക്ഷപ്പെട്ടായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. വീഡിയോ വൈറലായതിന് പിന്നാലെ ജയിലിലെ മൂന്ന് വാർഡന്മാരെ അധികൃതർ സസ്‌പെൻഡ് ചെയ്തു. ഡെപ്യൂട്ടി ജയിലറെ സ്ഥലംമാറ്റി. രണ്ട് ജയിലർമാരോട് വിശദീകരണവും തേടി.
2019 ഡിസംബർ 2ന് ഷാജഹാൻപൂരിലെ സദർ ബസാറിൽ വച്ച് പൊതുമരാമത്ത് വകുപ്പ് കോൺട്രാക്ടറായ രാകേഷ് യാദവിനെ (34) പട്ടാപ്പകൽ വെടിവച്ചു കൊന്ന കേസിലെ പ്രതി ആസിഫ് ഖാനാണ് ജയിലിൽ നിന്ന് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ലൈവ് വീഡിയോ ചിത്രീകരിച്ചത്. കേസിലെ മറ്റൊരു പ്രതിയായ രാഹുൽ ചൗധരിയും ഇതേ ജയിലിലാണുള്ളത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ട രാകേഷിന്റെ സഹോദരൻ ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകിയതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. ജയിൽ അധികൃതർ ക്രിമിനലുകൾക്ക് മൊബൈൽ ഫോൺ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതായി വ്യാപക പരാതി ഉയർന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേ സമയം, ബറേലി എസ്.പി രാഹുൽ ഭട്ടിയുടെ നേതൃത്വത്തിൽ ജയിലിൽ തെരച്ചിൽ നടത്തിയെങ്കിലും ആസിഫ് ഉപയോഗിച്ച ഫോൺ കണ്ടെത്താനായില്ല. ആസിഫിനെ ജയിലിലെ അതീവ സുരക്ഷാ ബാരക്കിലേക്ക് മാറ്റിയെന്നാണ് വിവരം. അന്വേഷണം തുടരുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജയിൽ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കുന്തൽ കിഷോർ പ്രതികരിച്ചു.