andhra

ഹൈദരാബാദ്: ജൂൺ നാലിന് 400 സീറ്റ് എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ആന്ധ്രാപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. എൻ.ഡി.എയുടെ 'പ്രജാഗാലം ' (ജനശബ്ദം) തിരഞ്ഞെടുപ്പ് റാലിയിൽ ​സംസാരിക്കുകയായിരുന്നു.

ആന്ധ്രയിൽ മോദിയുടെ ആദ്യ റാലി പൽനാട് ജില്ലയിലെ ചിലകലൂരിപേട്ടയിലെ ബൊപ്പുഡി ഗ്രാമത്തിലാണ് നടന്നത്.

എൻ.ഡി.എയുടെ വികസന അജൻഡയെ പിന്തുണയ്ക്കാൻ ആന്ധ്ര ജനത തീരുമാനിച്ചതായി മോദി പറഞ്ഞു. എൻ.ഡി.എ സർക്കാർ ആന്ധ്രയെ വിദ്യാഭ്യാസ ഹബ്ബാക്കും. നാഷണൽ അക്കാഡമി ഒഫ് കസ്റ്റംസ്, തിരുപ്പതി ഐ.ഐ.ടി, ഐ.ഐ.എം, വിശാഖപട്ടണം എന്നിവ അതിന്റെ ഭാഗമാണ്. പാവപ്പെട്ടവർക്കു വേണ്ടിയാണ് സർക്കാർ. 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ആന്ധ്രയിൽ പത്ത് ലക്ഷം വീടുകൾ നൽകി.

തെലുങ്കുദേശം അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു മോദിയെ സ്വീകരിച്ചു. ജനസേന നേതാവ് പവൻ കല്യാണും വേദിയിൽ ഉണ്ടായിരുന്നു. പത്ത് വർഷത്തിന് ശേഷമാണ് മൂന്ന് നേതാക്കളും വേദി പങ്കിടുന്നത്. ടി.ഡി.പി, ജനസേന, ബി.ജെ.പി കക്ഷികൾ സഖ്യത്തിലാണ്. ധർമ്മത്തിനായുള്ള കുരുക്ഷേത്ര പോരാട്ടമാണെന്നും നമ്മൾ വിജയിക്കുമെന്നും പവൻ കല്യാൺ പറഞ്ഞു. മോദി, നായിഡു, കല്യാൺ എന്നിവരുടെ ചിത്രങ്ങളടങ്ങിയ ലോഗോ പുറത്തിറക്കി. മാർച്ച് 11 ന് നടന്ന ചർച്ചയിലാണ് സംസ്ഥാനത്തെ ലോക്‌സഭാ, നിയമസഭാ സീറ്റ് വിഭജനത്തിന് അന്തിമ രൂപമായത്.

സീറ്റ് ധാരണ ഇങ്ങനെ

കക്ഷി..............ലോക്‌സഭ........അസംബ്ലി

ബി. ജെ. പി...........6 .....................10

തെലുങ്ക്ദേശം.....17....................144

ജനസേന.............2........................21

മോദിയെന്നാൽ വികസനം: നായിഡു

മോദിയെന്നാൽ വിശ്വഗുരു, വികസനം, ക്ഷേമം എന്നെല്ലാമാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. മോദി നമ്മുടെ അഭിമാനമാണ്.

ടവറിൽ നിന്ന് ഇറങ്ങാൻ അഭ്യർത്ഥന

റാലിക്കിടെ ഇലക്‌ട്രിക് ടവറിൽ കയറിയ ആളുകളോട് താഴെയിറങ്ങാൻ മോദി അഭ്യർത്ഥിച്ചു. പവൻ കല്യാൺ സംസാരിക്കുമ്പോൾ മൈക്ക് വാങ്ങിയായിരുന്നു അഭ്യർത്ഥന. വൈദ്യുത കമ്പികൾ ഉണ്ട്. നിങ്ങളുടെ ജീവിതം പ്രധാനമാണ്. ശ്രദ്ധ വേണമെന്ന് പൊലീസിനോടും മോദി പറഞ്ഞു.