
കൊച്ചി: തുറമുഖങ്ങൾ, കമ്പോള ഉത്പന്നങ്ങൾ, ഉൗർജം, വിമാനത്താവളങ്ങൾ, സിമന്റ്, മാധ്യമ മേഖലകളിലായി അടുത്ത സാമ്പത്തിക വർഷം 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് രാജ്യത്തെ മുൻനിര കോർപ്പറേറ്റ് സ്ഥാപനമായ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം രാജ്യാന്തര തുറമുഖം തുടങ്ങിയവ ഉൾപ്പെടെയുള്ള പദ്ധതികളിൽ അധിക നിക്ഷേപം നടത്തി അടുത്ത സാമ്പത്തിക വർഷത്തിൽ വൻ വികസനത്തിനാണ് അദാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ അടുത്ത വർഷം മാർച്ച് വരെയുള്ള കാലയളവിൽ വിവിധ പദ്ധതികളിലെ മൂലധന നിക്ഷേപത്തിൽ ലക്ഷ്യമിട്ടതിലും 40 ശതമാനം അധികം തുക മുടക്കുമെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
പുനരുജ്ജീവന ഇന്ധനങ്ങൾ, ഹരിത ഹൈഡ്രജൻ, വിമാനത്താവളങ്ങൾ, തുറമുഖം എന്നിവയിലാണ് പ്രധാനമായും ഗ്രൂപ്പ് നിക്ഷേപം നടത്തുന്നത്.