pic

റെയ്‌ക്യവിക്: അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് തെക്കൻ ഐസ്‌ലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രശസ്തമായ റെയ്ക്യാനസ് ഉപദ്വീപിലെ അഗ്നിപർവതത്തിലാണ് സ്ഫോടനം. ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ 1.30നാണ് പൊട്ടിത്തെറിച്ചത്. സമീപ പ്രദേശങ്ങൾ വിജനമായതിനാൽ ആളപായമില്ല. കഴിഞ്ഞ ഡിസംബർ മുതൽ നാലാം തവണയാണ് ഇവിടെ സ്ഫോടനമുണ്ടാകുന്നത്.

അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ബ്ലൂ ലഗൂൺ അടക്കം വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അറിയിപ്പുണ്ടാകും വരെ അടച്ചു. അഗ്നിപർവതത്തിന് സമീപമുള്ള ഗ്രിൻഡാവിക് പട്ടണത്തിലെ ജനങ്ങളെ ഒഴിപ്പിച്ചു. നഗരത്തിന്റെ കിഴക്കൻ മേഖലയിൽ വരെ ലാവ ഒഴുകിയെത്തി. ശക്തമായ പുകയും ചാരവും ആകാശത്തേക്ക് ഉയരുന്നുണ്ടെങ്കിലും നിലവിൽ വ്യോമഗതാഗതത്തിന് ഭീഷണിയില്ല.

രാജ്യ തലസ്ഥാനമായ റെയ്‌ക്യവികിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് സംഭവസ്ഥലം. നീണ്ട എണ്ണൂറ് വർഷങ്ങൾക്ക് ശേഷം 2021ലാണ് റെയ്ക്യാനസിൽ പൊട്ടിത്തെറി സജീവമായത്.